ആര്‍ക്കുവേണ്ടി എന്ന് പോലും ചോദിക്കാതെ സ്വന്തം ജീവന്റെ ഒരു പങ്ക് ദാനം ചെയ്യുന്നത് പുണ്യം എന്നല്ല, മഹാ നിയോഗം എന്നേ പറയേണ്ടൂ. എങ്കിലും അതില്‍ ചിലത് നമ്മെ വളരെ വേദനിപ്പിക്കും. ഒരു യൂണിറ്റ് രക്തം ദാനം ചെയ്താല്‍ ഉണ്ടാവുന്നതിനേക്കാള്‍ ക്ഷീണം അന്നെനിക്ക് അനുഭവപ്പെട്ടു. ചില രാത്രികള്‍ ഇങ്ങനെയാണ്, നല്ല ക്ഷീണത്തിലും ഉറങ്ങാന്‍ കഴിയില്ല.
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. വെളുത്ത നിറമുള്ള, നീണ്ട മുടി ഈരിഴയായ് പിന്നി, വെളുത്ത ഉടുപ്പും, പച്ച സ്കര്‍ട്ടും ഇട്ട ഒരു കൊച്ച് സുന്ദരി. ദിവസവും ഞാന്‍ തുമ്പപ്പൂവും, തെറ്റിപ്പൂവും കൊടുക്കുന്ന എന്റെ കൊച്ചുകൂട്ടുകാരി. പെട്ടെന്നൊരു ദിവസം ഞാന്‍ പള്ളിക്കൂടം മാറിപ്പോയി. പിന്നെ കണ്ടത് നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം. കാലം രണ്ട് പേരെയും ഒരുപാട് മാറ്റി. ഞാന്‍ ഒരു ഉദ്യോഗസ്ഥനായി. അവളാകട്ടെ, മകള്‍ എന്ന കുപ്പായത്തില്‍ നിന്നും, ഭാര്യ, അമ്മ എന്നിങ്ങനെ വേഷം മാറി. കാലത്തിന്റെ കുത്തൊഴുക്കില്‍ ആരാണ് വേഷം കെട്ടാത്തത്? പക്ഷെ എന്റെ കളിക്കൂട്ടുകാരിയെ മരണക്കിടക്കയില്‍ കാണേണ്ടിവരും എന്ന് ഞാന്‍ കരുതിയിരുന്നില്ല. അവളെക്കണ്ടപ്പോള്‍ ആ ഭൂമി പിളര്‍ന്ന് ഞാന്‍ അതിലേക്ക് വീഴുകയാണെന്ന് തോന്നിപ്പോയി. പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭവം തന്നെ അത്. രക്തത്തില്‍ പ്ലാസ്മയുടെ അളവ് കുറഞ്ഞിട്ട് ഉണ്ടാകുന്ന ഏതോ ഒരു മാരകമായ രോഗത്തിന്റെ അടിമയായിരുന്നു അവള്.
രക്തത്തില്‍ നിന്നും പ്ലാസ്മ മാത്രം വേര്‍തിരിച്ച് രോഗിക്ക് കൊടുക്കുന്ന സംവിധാനം വരെ നമ്മുടെ നാട്ടില്‍ ലഭ്യമാണ് എന്ന് എനിക്ക് അന്നാണ് അറിയാന്‍ കഴിഞ്ഞത്. അങ്ങനത്തെ ഒരു യന്ത്രത്തില്‍ ഞാന്‍ എന്നെ തന്നെ കുടുക്കിയിട്ട് കിടക്കുമ്പോള്‍ അടുത്തു നിന്ന നഴ്സാണ് പറഞ്ഞത്, സ്വന്തം നാട്ടുകാരിക്കാണല്ലോ ജീവന് കൊടുക്കുന്നത് എന്ന്. വെറുതെ ഒരു ജിജ്ഞാസയുടെ പേരില്‍ ചോദിച്ചപ്പോള്‍ അവര്‍ രോഗിയുടെ പേര് പറഞ്ഞു. സ്ഥിതി വളരെ ഗുരുതരമാണ് എന്നറിഞ്ഞപ്പോള്‍ ആ രോഗിക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചു. ഒടുവില്‍ അന്വേഷിച്ച് വന്നപ്പോള്‍ ഞാന്‍ തീരെ പ്രതീക്ഷിക്കാത്ത ആ വ്യക്തിയില്‍ ചെന്ന് എന്റെ അന്വേഷണങ്ങള്‍ അവസാനിച്ചു.
അതെ 2005, ജൂണ്‍ 2. എന്റെ കൂട്ടുകാരി എന്നെ വിട്ടു പിരിഞ്ഞ നാള്. ഇന്നത്തെ എന്റെ ദിവസം അവള്‍ക്കായി ഞാന്‍ മാറ്റിവയ്ക്കുന്നു. അവളുടെ ആത്മശാന്തിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു...
Subscribe to:
Post Comments (Atom)
9 comments:
ജീവിതത്തിലെ പല നന്മകളും മറ്റുള്ളവര്‍ നമുകെന്തു നല്കുന്നു എന്നു വരുമ്പോളാണു നാമറിയുന്നത്........
ഒരു പൂവ്... ഒരേ ഒരു പൂവ്... എന്റെ കൂട്ടുകാരിക്ക്...
പി.എസ്സ്: ഞാനും മറുമൊഴിയിലേക്ക്.
:(
വേദനിപ്പിക്കുന്ന ഓര്‍മ്മ
പരിചയമില്ലാത്ത ആ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു.
ചില ഓര്‍മ്മകള്‍ അങ്ങനെയാണ്.
-സുല്‍
ഓര്‍മ്മിക്കാനാവുന്നത് തന്നെ ഇക്കാലത്ത് ഭാഗ്യമാണ്...
ഉറുമ്പ്, മനോജ്ജി, സിജുഭായ്, പാപ്പി അണ്ണന്, സുല്‍ജി, ഇത്തിരിജി... നന്ദി...
ഞാന്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അച്ഛന്റെ കൂട്ടുകാരന് കുഞ്ഞുകൃഷ്ണന്‍ മാമന് മരിച്ചു പോയി. അന്ന് അച്ഛന് വല്ലാതെ വിഷമിക്കുന്നത് കണ്ടു. അന്നൊക്കെ എനിക്ക് തോന്നി, ഒരു കൂട്ടുകാരന് മരിച്ചെന്ന് വച്ച് ഇത്ര ദുഃഖിക്കേണ്ട കാര്യമുണ്ടോ എന്ന്. അതിന്റെ ഉത്തരമാവാം എനിക്ക് കിട്ടിയത്...
പരിചയമില്ലാത്ത ആ കൂട്ടുകാരിക്ക് നിത്യശാന്തി നേരുന്നു
Post a Comment