രാവിലെ എണീറ്റ് കണികാണാന്‍ ഒരു കൃഷ്ണന്റെ പടം ഞാനെന്റെ റൂമില്‍ വച്ചിരുന്നു. അതായത്, ഞാന്‍ കണ്ണ് തുറക്കുമ്പോള്‍ എന്റെ നേരെ എതിരെയുള്ള ചുമരില്‍ കൃഷ്ണനും രാധയും. ബാച്ചിലേഴ്സിന്റെ റൂം അല്ലെ, കൃഷ്ണന്റെ പടത്തിന്റെ നേരെ എതിരെ മനീഷാകൊയ്രാളയുടെ ഒരു ഡിങ്കോള്‍ഫി പടവും ഉണ്ട്.
പതിവ് പോലെ രാത്രി ഞാന്‍ കിടന്നുറങ്ങി. റൂമിലെ മറ്റ് പരിവാരങ്ങള്‍ ഉറങ്ങീട്ടില്ല. അവിടെ രണ്ടാമത്തെ റൌണ്ട് തുടങ്ങുന്നതേ ഉള്ളൂ. അതു തീരണമെങ്കില്‍ മിനിമം രണ്ട് മണിയെങ്കിലും ആകും എന്നത് ഉറപ്പുള്ളത് കൊണ്ടും, എനിക്ക് അടുത്ത ദിവസം രാവിലെ ഒരു കാള്‍ ഉണ്ടായിരുന്നതിനാലും പയ്യെ സ്കൂട്ട് ആയി വന്ന് കിടന്നതാണ്.
രാവിലെ ഉണര്‍ന്ന് ആദ്യം കണ്ടത് മനീഷയുടെ സ്താവര ജംഗമങ്ങളാണ്. ഈസ്സ്രാ... ഞാന്‍ ഞെട്ടി. ഇതെന്താ ഇങ്ങനെ? രാത്രി വല്ല ഭൂകംബവും ഉണ്ടായോ ആവൊ... ഞാന്‍ കിടന്നതിന്റെ നേരെ ഓപ്പസിറ്റ് ദിശയിലാണ് ഇപ്പോള്‍ കിടക്കുന്നത്. ഇന്നലെ രാത്രി വെള്ളമടിച്ചവന്മാര്‍ എന്റെ ഒരു ദിവസം കോഞ്ഞാട്ടയാക്കാന്‍ ചെയ്ത പണിയാണ്. എന്നെ പൊക്കി എതിര് ദിശയില്‍ കിടത്തി.(പടം മാറ്റി വച്ചാല്‍ പോരായിരുന്നോ എന്ന് നിങ്ങള്‍ ചോദിക്കും. എല്ലാം ഭയങ്കര ഈശ്വര വിശ്വാസികളാ. വെള്ളമടിച്ച് കൃഷ്ണനെയല്ലാ, കൃഷ്ണന്റെ പടം പോലും തൊടില്ല!) എന്തായാലും മനീഷയുടെ ലത് കണ്ടുകൊണ്ട് ഞാന്‍ കൃഷ്ണ ഭഗവാനെ വിളിച്ചു. പുള്ളി എന്ത് കരുതിക്കാണുമോ ആവോ!
എന്തായാലും പല്ല് തേയ്ക്കാം... നേരെ വാഷ്ബേസിനടുത്ത് പോയി. അവിടെ കണ്ടത് ഞാന്‍ ഞെട്ടി. എന്റെ ബ്രഷ് വച്ച് ഏതോ പുന്നാരമോന് തല ചീകുന്ന ചീപ്പ് ക്ലീന്‍ ചെയ്തിരിക്കുന്നു... ശരി, ബ്രഷ് വേണ്ട കൈ കൊണ്ട് തേയ്ക്കാം. പേസ്റ്റ് തപ്പിയപ്പോള്‍ ഒരുത്തന് പറഞ്ഞു, അത് അച്ചാറ് കുപ്പിയില്‍ ഉണ്ടെന്ന്. ങേ അച്ചാറ് കുപ്പീലൊ? പറ്റിയത്, ഇന്നലെ ഏതോ ഒരു അലവലാതി, വെള്ളമടിച്ച് ഡന്‍സ് ചെയ്തപ്പോള്‍, പേസ്റ്റിന്റെ റ്റ്യൂബില് ചവിട്ടി. പേസ്റ്റ് മൊത്തം റ്റ്യൂബിനു പുറത്ത്. പിന്നെ എല്ലാം കൂടി വഴിച്ച് അച്ചാറ്കുപ്പിയില്‍ ആക്കി വച്ചിരിക്കുന്നു. അതു കഴുകാത്തകുപ്പി. ഈശ്വരാ...
കുളിക്കാം. ബാത്ത്റൂമില്‍ കാലെടുത്ത് വച്ചതും, ഏതോ ഒരു അജ്ഞാത ശക്തി എന്റെ കാലും വലിച്ചോണ്ടങ്ങു പോയി. വീണിതല്ലോ കിടക്കുന്നു ധരണിയില്‍ ശിവ ശിവ... പണ്ടാരാണ്ടോ ഒരു ബാത്ത്റൂം വീഴ്ച്ച പോസ്റ്റ് ഇട്ടിരുന്നു. അതിന്റെ മറ്റൊരു വേര്‍ഷന്‍ ആയിരുന്നു. നടുവെട്ടി അവിടെത്തന്നെ കിടന്നു കുറേ നേരം. ഒരു വിധത്തില്‍ തലപൊക്കി നോക്കിയപ്പോള്‍ ആ ശക്തി എന്തായിരുന്നു എന്ന് മനസ്സിലായി. 150 ഗ്രാമിന്റെ ലക്സ് സോപ്പ്... കോപ്പ് എന്തായാലും കിട്ടി. വല്ലചാലും കുളിച്ച് വന്ന് എന്റെ വി ഐ പി എവിടെപ്പോയി തപ്പിയപ്പോള്‍ ഞാന്‍ വീണ്ടും ഞെട്ടി. ഇന്നലെ വാള് വച്ചത് തുടക്കാനെടുത്തു! ബാക്കി ഉള്ളതെല്ലാം വെള്ളത്തില്‍ മുക്കുകയും ചെയ്തു. പിന്നെ ഉറങ്ങികിടന്ന ഒരുത്തനെ പൊക്കി, കടയില്‍ പറഞ്ഞ് വിട്ടു. സാധനം വാങ്ങാന്‍. അവന് കുറേ കറങ്ങി എവിടുന്നോ ഒരെണ്ണം ഒപ്പിച്ചു. രാവിലെ വല്ല കടയും തുറന്നാലല്ലേ?! അവനെ കാത്ത് നിന്ന ഗാപ്പില് എന്റെ ലവള് വിളിച്ചു. എന്തോ കണ കുണാ പറയാനാണെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു, ഇപ്പൊ തിരക്കിലാ, പിന്നെ വിളിക്കാമെന്ന്.
എന്തായാലും ശകലം സമയമുണ്ടല്ലോ ഒന്ന് മെയില്‍ ചക്കാം. മഷീന് ഓണാക്കി. പെട്ടെന്ന് സുല്‍ അണ്ണന് അവിടെ വന്നോ എന്ന് തോന്നിക്കത്തക്കവണ്ണം ഒരു “ഠേ” ശബ്ദം കേട്ടു. യൂ പീ എസ്സ് അന്ത്യ ശ്വാസം വലിച്ച ശബ്ദമായിരുന്നു അത്. റൂം മൊത്തം വൊയര്‍ കരിഞ്ഞ നാറ്റം. ഉറങ്ങിക്കിടന്നവരൊക്കെ ഉറക്കത്തില്‍ തന്നെ തെറി പറഞ്ഞു. പാവം എന്റെ അച്ഛനും അമ്മയും. പിന്നെ ഞാന്‍ ആ റൂമില്‍ നിന്നില്ല. അടുക്കളയില്‍ ചെന്ന് ഒരു പായ്ക്കറ്റ് മാഗി വെന്ത് തിന്നാം എന്ന ഐഡിയായും ഇട്ട് പോയി. ചീനച്ചട്ടിയുടെ ചെവിയില്‍ പിടിച്ച് പയ്യെ പൊക്കി. അതിന്റെ മാക്സിമം ഹൈറ്റില്‍ എത്തിയപ്പോള്‍, ചീനച്ചട്ടിയുടെ ബോഡിയും ചെവിയും വേര്‍പെട്ടു. ഏതോ ചൈനാക്കാരന്റെ പേരു പറയുന്ന പോലെ ചീനച്ചട്ടി താഴെ വീണു. അതിനും ആരാണ്ടോ എന്താണ്ടോ പറഞ്ഞു. ഇരുന്ന കാരറ്റൊക്കെ അരിഞ്ഞു. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതിലേക്കിട്ടു, ഉപ്പിട്ടു, വഴറ്റി. ഒന്നര ഗ്ലാസ്സ് വെള്ളം ഒഴിച്ചു. മാഗിയുടെ ഡെപ്പി തുറന്നു. ഞാന്‍ വീണ്ടും ഞെട്ടി. മാഗ്ഗി മാത്രമേ ഉള്ളൂ. അതിന്റെ മസാല ഇല്ല. അതും രാത്രി ടച്ചിങ്സിനെടുത്തു. ഇതിന്റെ ഷോക്കില്‍ നിന്നും എന്നെ ഉണര്‍ത്തിയത് കാരറ്റ് കരിഞ്ഞ നാറ്റമായിരുന്നു.
പാത്രം കഴുകി കമിഴ്ത്തിയപ്പോളേക്കും പോയവന് തിരിച്ചെത്തി. അവന് തന്ന ആ കൌപീനവും ഉടുത്ത് ബാക്കി ഡ്രസ്സിങ്ങും ഒക്കെ കഴിഞ്ഞു മുടി ചീകാന്‍ അലമാരയിലെ കണ്ണാടിയുടെ മുന്നിലെത്തി. കൊള്ളാം സ്മാര്‍ട്ട്. കറുത്ത് പാന്റ്, നീല ഷര്‍ട്ട്. അപ്പോളതാ ഒരുത്തന് ഉറക്കച്ചടവോടെ വന്ന്, ഒരു പ്രകോപനവും ഇല്ലാതെ അലമാരക്കിട്ടൊന്ന് തൊഴിച്ചു. അലമാരയുടെ മുകളിലിരുന്ന ഒരു പൊടിപിടിച്ച കാര്‍ഡ്ബോര്‍ഡ് പെട്ടിയും, അതിനടുത്തിരുന്ന വലിയ തുളകളിട്ട നൈസിലിന്റെ കുപ്പിയും എന്റെ മേല്‍ വന്നു പതിച്ചു. തലയിലും ഉടുപ്പിലും ഒക്കെ മാറാലയും വലയും. പാന്റില്‍ നൈസില്. ഇന്നത്ത് ദിവസം ഊഗ്രന്‍. എന്ന് ഞാന്‍ മനസ്സില്‍പ്പറഞ്ഞ് വീണ്ടും ഡ്രസ്സ് മാറി, അലമാരയില്‍ നിന്നും കുറേ മാറി നിന്ന് തല ചീകി. ഓടി ചെന്ന് സോക്സും ഷൂസും ഇട്ടു. ബായ് ടാ എന്ന് റൂമിനുള്ളിലേക്ക് വിളിച്ച് പറഞ്ഞ് ഞാന്‍ സ്റ്റെപ്പില്‍ കാലെടുത്ത് വച്ചതും, എസ്കലേറ്ററില്‍ ഇറങ്ങും പോലെ ശടപടശടപടശടപടാന്നങ്ങു താഴോട്ട് പോയി. കൂടെ എന്റമ്മോ എന്നൊരു നെലോളിയും. ഇത്രയും നടന്നിട്ടും എന്റെ കൂട്ടുകാര്‍ ഒറ്റയൊരുത്തന് പോലും പുറത്തേക്ക് വന്നില്ല. പിന്നെ ഞങ്ങടെ എതിര് ഫ്ലാറ്റിലുള്ള 3 സ്ത്രീ രത്നങ്ങള്‍ വന്ന് എന്നെ പൊക്കി സ്റ്റെപ്പില്‍ ഇരുത്തി. നല്ല ചമ്മിയ മുഖത്തോടെ - തേങ്ങ്സ് എന്ന് പറഞ്ഞ് എണീക്കാന്‍ ശ്രമിച്ചപ്പോള്‍ ഒരു കാര്യം മനസ്സിലായി. എങ്ങനെയോ എന്റെ ഷര്‍ട്ടിന്റെ കുറച്ച് ഭാഗം കീറിപ്പോയി. പിന്നെ വീണ്ടും അത് മാറ്റി, വളരെ സൂക്ഷിച്ച് ഞാന്‍ താഴെ ഇറങ്ങി.
അല്ലെങ്കില്‍ കോവില്‍പ്പട്ടി ബസ്റ്റാന്‍ഡിലെ ഈച്ചപോലെ പറക്കുന്ന ഓട്ടോ ഒരെണ്ണം പോലും കാണാനില്ല. ശരി നടക്കാം. ഒരു 20 അടി നടന്നുകാണും. എവിടെനിന്നെന്നറിയില്ല. മഴ ശ്ശറേന്നങ്ങു പെയ്തു. റോഡ് ക്രോസ്സ് ചെയ്തു കോട്ടാക്ക് സെക്യൂരിറ്റീസിന്റെ ലോഞ്ചില്‍ നില്‍ക്കാമെന്ന് കരുതി വലത്തോട്ട് തിരിയുന്നതിന് ഒരു 50 മില്ലി സെക്കന്‍ഡ് മുന്‍പ്, കുറേ റ്റൂ വീലറുകളും, കാറുകളും വന്നങ്ങ് നിറഞ്ഞു. പിന്നെ മഴയും നനഞ്ഞ് ഓഫീസിലെത്തി. എന്റെ ഐ.പി.എല്‍.സി കോഡ് എഴുതിയ പേപ്പര്‍ നോക്കിയപ്പോള്‍, മഴ നനഞ്ഞ്, എഴുതിയതൊക്കെ മാഞ്ഞ് പോയിരുന്നു.
പിന്നെ മാനേജരെ വിളിച്ച് പുള്ളീടെ കോഡ് വാങ്ങി, അമേരിക്കാക്കയിലുള്ള ക്ലയന്റിനെ വിളിച്ചപ്പോള്‍, ആ പുല്ലന് പറയുന്നു:“I am feeling very sleepy, we can talk day after tomorrow”.
:‘(
മനീഷയുടെ സുന പറ്റിച്ച പണിയേ...
കൃഷ്ണാ ഗുരുവായൂരപ്പാ... ശത്രുവിന് പോലും ഈ ഒരവസ്ഥ കൊടുക്കല്ലേ...
Subscribe to:
Post Comments (Atom)
18 comments:
ശ്രീജിത്തിന് മാത്രമല്ല, എനിക്കും ഇങ്ങനെയൊക്കെ സംഭവിക്കുന്നു!!
ഇതൊക്കെ എവിടെ ചെന്ന് നിക്കുമോ എന്തോ?!
ചാത്തനേറ്: അന്ന് നീ കിടന്ന സ്ഥലത്ത് സാധാരണ കിടക്കാറുള്ളവന് നീ പെര്‍മനന്റായി വച്ച പാര(നീയല്ലേ മനീഷ പടം കൊണ്ടവിടൊട്ടിച്ചത്) ഒരു ദിവസം അവന് തിരിച്ച് തന്നു മൊതലും പലിശേം അടക്കം എന്നങ്ങട് വിചാരിച്ചാ മതി .:)
പൊന്നമ്പലേ, നീ അനുഭവിച്ചതൊന്നും പോരാ. നിനക്കിനിയും കിട്ടണം ദുഷ്ടാ. മനീഷയുടേ ലത്,ലിത് എന്നു പറഞ്ഞതല്ലാതെ ആ ഫോട്ടോ ഒന്ന് സ്കാന്‍ ചെയ്ത് ഇട്ടില്ലല്ലോ. ഇനിയും അനുഭവിക്കും.
അയച്ച ലോഡില്‍ ബഗ്ഗ് കയറും. വേഗം ബാച്ചീസില്‍ ആ പടം ഇടൂ വത്സാ :)
നാക്കെടുത്ത് വളയ്ക്കാതെഡേയ്... വെള്ളിയാഴ്ച ഒരെണ്ണം അയച്ചിട്ട് ഇതു വരെ മെയില്‍ ഒന്നും വന്നില്ല. അതിന്റെ ടെന്ഷനിലാ ഞാന്‍. :‘(
നല്ല ബസ്റ്റ് ടൈം മച്ചാ...
kollam.. nalla sakunam.
ബാംഗ്ലൂരായിരുന്നപ്പോള് ബാച്ചി നിലയത്തില്‍ ഒരു കലണ്ടറിന്റെ പിന്നിലായിരുന്നു ലത്. ഒരിക്കല്‍ ആരുടേയോ അമ്മായി വന്ന് കലണ്ടറിന്റെ പിറകില്‍ പഞ്ചാംഗം കാണും എന്ന് പറഞ്ഞ് തടയാന്‍ കഴിയുന്നതിന് മുമ്പ് മറിച്ച് നോക്കി. പാവം പഞ്ച അംഗം ഒന്നും കണ്ട് കാണില്ല ഒന്നോ രണ്ടോ കണ്ട് കാണും. :-)
വിരോധം ഉള്ളവര്‍ക്കെല്ലാം ആ മനീഷ പടം ഒരോ കോപ്പി കൊടുക്കു!
qw_er_ty
Mr.Bean!!!
ഡിങ്കാ, നീ ചോദിച്ചത് കൊണ്ട് മാത്രം ഞാന്‍ ആ പടം പോസ്റ്റ് ചെയ്യുന്നു.
സീക്രട്ട്.
http://img406.imageshack.us/img406/6087/maneeshanl9.gif
ഇതു മുഴുവനും സംഭവിച്ചതു തന്നെയോ???
എന്തായാലും രസകരമായ വിവരണം...
:)
അപാര ഓര്‍മ്മശക്തി, എന്റെ പൊന്നൂ!
പൊന്നലമ്പാ..ഒരു കാര്യം മനസ്സിലായി നിനക്കാകെ ഒരു വി.ഐ.പി യേ ഉള്ളൂ അല്ലേ..നീ കോള്‍ ഉള്ള ദിവസം മാത്രമേ അതിടാറുള്ളോ..? ശീലമില്ലാത്ത ഓരോന്ന് ഇട്ടോണ്ടു സ്റ്റെപ്പിറങ്ങിയാല്‍ ആരും തലേം കുത്തി വീണുപോകും...
പിന്നെ നിന്നെ വിളിച്ച ലവളെ എനിക്കു മനസ്സിലായി..സാര്‍ ഫോണ്‍ ബില്ലടച്ചിട്ടില്ല..ഇന്നടച്ചില്ലെങ്കില് കണക്ഷനൂരും എന്നൊക്കെ പറഞ്ഞല്ലേ..ലവളങ്ങനാ..
[ഒരു മാതിരി കോപ്പിലെ പണി കാണിക്കരുത്..ആ ലിങ്ക് പോണില്ലാന്ന്..ബ്ലോക്കി..]
മനീഷ രസകര :-)
രാവിലത്തെ കണി നന്നല്ലെങ്കില്‍ ഇങനെയുമോ..
(മനീഷയുടെ പഴയ പടം മാറ്റി, പുതിയ വല്ലതും വയ്കൂ)
ഇരുട്ടത്തെടുത്താല് മനിഷാകൊയ്രാളയും , ഗിരിജാപ്രസാദ് കൊയ്രാളയും ഒരു പോലിരിക്കും പൊന്നംബലമേ.. എന്നെ പറ്റിച്ച നിനക്കിനിയും കഷ്ടകാലപ്പെരുമഴക്കാലം!
:)) ആ പടം മാറ്റിയേക്കു.. ആരെങ്കിലും കണ്ടാല്‍ മോശല്ലെ? ഇത്രയൊക്കെ പറ്റിയിട്ടും ബുദ്ധി തെളിയുന്നില്ലെല്ലൊ എന്നൊര്ത്തിട്ടാ എനിക്ക്...
അപ്പൊ, എല്ലാ ഞരമ്പ് രോഗികളും ഓടിച്ചെന്ന് ആ പടം കണ്ടു അല്ലെ?
കണ്ടോരൊക്കെയൊന്ന് മാറി നിന്നാട്ടെ...
കാണാത്തോരൊക്ക്യൊന്ന് കേറി നിന്നാട്ടെ...
@ഉണ്ണിക്കുട്ടന്: കറകറക്റ്റ്... ഹച്ചില് നിന്നുമാണ് വിളിച്ചത്!
@ഏറനാട നമസ്കാര
@ഓരോ കാപ്പി മാത്രമാക്കണ്ട... കൂടെ ഓരോ പ്രിയംവടയും കൊടുക്കാം...!
@ഡിങ്കന്‍സ്: ഇത് പണ്ട് ചാത്തന് ജിമ്മില്‍ വച്ച് പറഞ്ഞപോലെ, “ഇരുട്ടത്ത് ചാത്തനും അര്‍നോള്‍ഡും തമ്മിലെന്താ വ്യത്യാസം?”
@ഇക്കൂ: ബാക്കിയുള്ള ആഭാസന്മാരും കണ്ട് ആസ്വദിക്കട്ടെ, മനീഷയുടെ പടം!
എന്റെ പൊന്നമ്പലമേ, തനിക്ക് അലഭ്യലഭ്യശ്രീ കിട്ടിയതാ...ഇനി മൊത്തം ജീവിതം ഇങ്ങിനെ ആയിരിക്കും :)
Post a Comment