ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, January 18, 2009

അതെ. ഞാൻ തന്നെ

ഞാൻ, സന്തോഷ് ജനാർദ്ദനൻ. ഞാൻ തന്നെയാണ് ചിത്രകാരനെതിരെ പൊലീസിൽ പരാതി കൊടുത്തത്.

വളരെ പ്രധാനപ്പെട്ട ഒരു കാര്യം... ഞാൻ ഈ പരാതി കൊടുത്തത് മറ്റ് ബ്ലോഗർമാർ അറിയരുത് എന്ന് എനിക്ക് നിർബ്ബന്ധം ഉണ്ടായിരുന്നു. എന്റെ ഉദ്ദേശ്യം, ചിത്രകാരൻ എഴുതുന്ന വിധം പോസ്റ്റുകൾ ശിക്ഷിക്കപ്പെടാവുന്നതാണോ എന്നറിയുക. ആണെങ്കിൽ ഒരു താക്കീത്. അതും മറ്റ് ബ്ലോഗർമാർ അറിയാതെ. ചിത്രകാരൻ എന്ന വ്യക്തിയുടെ അഭിമാനത്തിനു ക്ഷതം സംഭവിക്കരുത് എന്നു ഞാൻ കരുതി. പക്ഷേ, ഇത് എങ്ങനെ ഈ വിധം ഒരു ഡിസ്കഷൻ ഐറ്റം ആയി എന്നത് എനിക്കറിയില്ല. എന്തായാലും എന്റെ നയം ഞാൻ വ്യക്തമാക്കുന്നു. ഇതിൽ ആരുടെയും അഭിപ്രായം ഞാൻ ചോദിക്കുന്നില്ല. പറയുന്നവർ പലതും പറയും.

നോട്ടീസ്: ഈ പോസ്റ്റ് ദൃഷ്ടിദോഷം എന്ന ബ്ലോഗ് വായിച്ച് എനിക്ക് പേടി തോന്നി എഴുതുന്നതാണ് എന്ന് കരുതുന്നവർക്ക് അങ്ങന കരുതാം.

1) ചിത്രകാരൻ എഴുതിയ “സരസ്വതിക്ക് എത്ര മുലകളുണ്ട്?” എന്ന പോസ്റ്റ് കാരണം അല്ല പരാതി പോയത്.

സ്പെസിഫിക്ക് ആയ ഒരു പോസ്റ്റിനെതിരെ ഞാൻ പരാതി കൊടുത്തിട്ടില്ല. എന്റെ പരാതിയിലെ പ്രസക്ത ഭാഗങ്ങൾ താഴെ ചേർക്കുന്നു.

“... I would like to know whether RACIAL ABUSE THROUGH THE MEDIUM OF BLOG is punishable or not...”

കാര്യം പഴയത് തന്നെ...

2) ബ്ലോഗ് പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ, “ഇത് വായിക്കാൻ താല്പര്യം ഉള്ളവർ മാത്രം വായിച്ചാൽ മതി“ എന്ന് പറയാൻ ഒരു വകുപ്പും ഞാൻ കാണുന്നില്ല... അല്ലെങ്കിൽ കണ്ടതായി ഭാവിക്കുന്നില്ല.

3) ഈ പരാതി ഒരു കോക്കസിന്റേതല്ല. ഞാൻ എന്ന വ്യക്തിയുടേതാണ്.

4) “ഇവർക്ക് മാപ്പില്ല” - എനിക്ക് വേണ്ട.

5) ബ്ലോഗർ ഒരു ഇന്ത്യൻ പൌരനാണെങ്കിൽ, ഇന്ത്യൻ നിയമങ്ങൾക്ക് അതീതനല്ല.

6)

ബ്ലോഗുകൾ മരിക്കാതിരിക്കാനാണ് ഞാൻ പരാതി കൊടുത്തത്.

7) ചിത്രകാരന്റെ അഭിപ്രായം പാർ‌ലമെന്ററി അല്ലെങ്കിൽ പബ്ലിക്ക് ആയി പറയാതിരിക്കുന്നത് ഉത്തമം.

8) ഒരു പോസ്റ്റ് വായിച്ച്, എടുപിടീന്ന് പരാതി കൊടുത്തവനല്ല ഞാൻ. ചിത്രകാരന്റെ ബ്ലോഗ് ഹിസ്റ്ററി കാണുക.

9) ഞാൻ ഉൾപ്പെടുന്ന ഒരു സമൂഹത്തിനെ കരിവാരി തേയ്ക്കുമ്പോൾ, അതിൽ ഞാനും പെടും. എന്നെ ആരും കരിവാരി തേയ്ക്കാൻ ഞാൻ അനുവദിക്കില്ല. കാരണം വ്യക്തം- സ്വാർത്ഥത; സ്വന്തം കാര്യം നോക്കി പോകൽ. താറ്റ്സ് ആൾ ഫോക്സ്.

10) എന്റെ കയ്യിൽ പണവും ഇല്ല, പത്രാസും ഇല്ല. ആർക്കെതിരെയും കൊല കേസും കൊടുക്കുന്നില്ല. എന്റെ തൊട്ടു മുന്നിൽ ഇരിക്കുന്ന ഒരു “ബാഡ് എക്സാമ്പിൾ” പൊലീസ് ഡിപ്പാർട്ട്മെന്റിനു ടിപ് ചെയ്തു കൊടുക്കുന്നു. അത്ര തന്നെ.

11) ഞാൻ ഭാരതീയൻ, മലയാളി, കേരളീയൻ എന്നീ കാറ്റഗറിയിൽ പെടും. യൂറോപ്യൻ അല്ല. സത്യം.

12) ഒരു ഈ-മെയിൽ കൊണ്ട് ഈ ഭൂമിയിൽ ഒരു ചുക്കും സംഭവിക്കില്ല. എന്റെ പരാതിയുടെ ഉള്ളടക്കം ഞാൻ ഇവിടെ പബ്ലിഷ് ചെയ്തേക്കാം എന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. അത് എത്തേണ്ട സ്ഥലത്ത് എത്തീട്ടുണ്ട്. അവർ ചെയ്യേണ്ടത് ചെയ്തിട്ടുണ്ട്. ഇല്ലെങ്കിൽ ഇങ്ങനെ ബ്ലോഗ് പോസ്റ്റുകൾ വരില്ലല്ലൊ! യേത്?

13) ഞാൻ ചെയ്തത് “പ്രവണത” ആണ്... “ദുഷ്” ഇല്ല... പ്രതിഷേധിച്ചോളൂ.

14) കേസ് ഞാൻ കൊടുത്തത് തന്നെ. കേസ് റഫറൻസ് നമ്പർ എന്റെ കയ്യിൽ ഉണ്ട്.

15) ഞാൻ ആരുടേയും സപ്പോർട്ട് മുന്നിൽ കണ്ടിട്ടല്ല ആ പരാതി കൊടുത്തത്. എന്റെ സ്വന്തം താല്പര്യം.

16) വ്യക്തി വിദ്വേഷം = 0%. ആശയപരമായ എതിർപ്പ് = 100%

17) വെറുതെ കേസ് കൊടുപ്പും, കേസെടുപ്പും, എന്റെ പണി അല്ല... ആ അഡ്രസ്സ് കൊണ്ട് എനിക്കൊന്നും ചെയ്യാനില്ല.

18) “ഏതെങ്കിലും ഒരു ഭക്തിസിനിമയെടുത്തു നോക്കൂ,മിക്കവാറും ദേവിമാരെല്ലാം മുലക്കച്ച മാത്രം കെട്ടിയിരിയ്ക്കുന്നതു കാണാം.

ശ്രീ.സന്തോഷ് ജനാര്‍ദ്ദനന്‍ ഇതൊന്നും കാണാത്തതോ അതോ കണ്ടില്ലെന്ന് നടിയ്ക്കുന്നതോ“ - കണ്ടില്ലെന്ന് നടിക്കുന്നത് തന്നെ. എന്താ കുഴപ്പമുണ്ടോ?

19) ഞാൻ ഈ ചെയ്ത് ചെയ്ത്തിൽ, എനിക്ക് ലവ ലേശം കുറ്റബോധമോ, സങ്കടമോ തോന്നാത്തത് എന്റെ തെറ്റല്ല.

20) പരാതി കൊടുത്തിട്ട് കുറച്ചു കാലമായി. സ്വാഭാവികമായും ഇന്ത്യൻ ബ്യൂറോക്രസിയിൽ ഉണ്ടാവുന്ന നോമിനൽ ആയ താമസത്തിനു ശേഷം അത് പ്രാവർത്തികമാവുകയായിരുന്നു. കൃത്യ സമയത്ത് തന്നെ സരസ്വതീ പോസ്റ്റും വന്നു. തെറ്റിദ്ധാരണ സ്വാഭാവികം. പക്ഷെ, ഞാൻ വ്യക്തമാക്കുന്നു. പരാതി ഒരു പ്രത്യേക പോസ്റ്റിനെ കുറിച്ചല്ല.

എന്ന് എന്റെ സ്വന്തം
സന്തോഷ് ജെ.

Saturday, June 21, 2008

എല്ലാം ഇതിന്റെ കൂടെ ഉള്ളത് തന്നെ...

ഒരു നാളില്‍ ജീവിതം എങ്ങും ഓടിപ്പോവില്ല
ഒരു നാള്‍ വരും, ദുഃഖങ്ങള്‍ ഇല്ലാതാവാന്‍
എത്ര കോടി കണ്ണീര്‍ തുള്ളികള്‍ ഈ മണ്ണില്‍ വീണു...
ഇന്നും ഭൂമിയില്‍ പൂ പൂക്കുന്നു!

ഭൂമിയില്‍ വന്ന അന്നു മുതല്‍,
ഒരു വാതില്‍ തേടി ഓടിക്കളിക്കുന്നു
കണ്ണ് തുറന്ന് നോക്കിയാല്‍ പല പല കൂത്തുകള്‍
കണ്ണടച്ചു വച്ചാല്‍...

പോര്‍ക്കളത്തില്‍ പിറന്നു വീണ നമുക്ക് വന്നുപോയവയെ കുറിച്ച് എന്ത് ചിന്ത?
കാട്ടില്‍ ജീവിക്കുന്ന നമുക്ക് മുള്ളുകളുടെ വേദന മരണമോ?
ഇരുട്ടില്‍ നില്‍ക്കൂ... നിന്റെ നിഴല്‍ പോലും നിന്നെ വിട്ടു പിരിയും...
നിനക്കു നീ മാത്രം തുണ എന്ന് നീ അറിയും...
തീയില്‍ പോകുന്നതു വരെ ഈ ഏകാന്തത മാറില്ല.

കരയെത്തുന്ന നേരം കാത്ത് കപ്പലില്‍ കാത്തിരിക്കും
എത്തുന്നത് അഗ്നി പര്‍വ്വതത്തിലാണെങ്കിലും പോര്‍തൊടുക്കും

ഞാന്‍ ആ ദിവ്യ രഹസ്യം അറിയുന്നു
ഒന്നും സ്ഥായി അല്ല... അലിയുന്നു
മനസ്സ് കെട്ടുപാടുകളില്ലാതെ പറക്കുന്നു
ദൈവത്തിനെ കണ്ടാല്‍...

അത് എനിക്ക്, ഇത് നിനക്ക് മനസ്സുകള്‍ ഒറ്റപ്പെട്ട കണക്കുകള്‍ ഇടും...
അവള്‍ എനിക്ക്, ഇവള്‍ നിനക്ക് ശരീരവും വിഡ്ഢിക്കണക്കിടും
നിനക്കുമില്ല, എനിക്കുമില്ല, പടച്ചവന്‍ തന്നെ എല്ലാം തിരിച്ചെടുക്കും
നല്ലവന്‍ ആര്, കെട്ടവന്‍ ആര് എന്ന് അവന്‍ തന്നെ തീരുമാനിക്കും

പഴി പറയുന്ന ലോകം ഇത്
ഇതില്‍ ബലിയായ ജീവന്‍ എവിടെ?

ലോകത്തിന്റെ ഓരത്തു നിന്ന് എല്ലാം കണ്ടിരുന്നു, നമ്മള്‍
നടക്കുന്നത് നാടകമെന്ന് നമ്മുടെ ഭാഗവും നന്നായു നടിച്ചു

മുഖം മൂടികള്‍ എല്ലാരും ധരിച്ചു
പല തിരിവുകള്‍ തിരിഞ്ഞു
കഥകള്‍ തീരുന്ന മുറക്ക് മറക്കുന്നു
വേണ്ടത് പുനര്‍ജന്മമൊ?...

ഒരു പൊട്ട പോസ്റ്റാണ് ഇത് എന്ന് എനിക്ക് സംശയം ഒന്നും ഇല്ല. എങ്കിലും, എന്നെ വളരെയധികം സ്വാധീനിച്ച ഒരു തമിഴ് പാട്ടിനെ എന്റെ തന്നെ വികലമായ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത്. പുതുപ്പേട്ടൈ എന്ന ചിത്രത്തില്‍ വന്ന പാട്ട്. വഴിമുട്ടി നില്‍ക്കുന്ന പല സന്ദര്‍ഭത്തിലും സ്വയം കൈപിടിച്ചുയര്‍ത്താന്‍ ഈ പാട്ട് വളരെ സഹായകരമായിട്ടുണ്ട്... എന്ത് തന്നെ വല്യ പ്രശ്നമായാലും ഒരു ‘പോടാ പുല്ലേ’ മനോഭാവം ഈ പാട്ട് തന്നു!! സത്യം...!!

Sunday, April 27, 2008

പഴക്കേക്കിന്റെ മധുരം കുറയുന്നില്ല.

സ്ഥലം കരമന ഒറ്റത്തെരുവ്.

നീണ്ട് നിവര്‍ന്ന പാതയില്‍, പുതിയതായി ടാര്‍ ചെയ്തിരിക്കുന്നു. പങ്ചറായ ടയറിനെ തെറിപറഞ്ഞുകൊണ്ട് ബൈക്കുമുന്തി വരുമ്പോള്‍ ദൂരെ ഒരു രൂപം കണ്ടു. ബൈക്ക് ഒതുക്കി നിര്ത്തി ആശാന്റെ കടയില്‍ കയറി ഒരു കാപ്പിക്ക് പറഞ്ഞു. ഓര്മ്മകളിലേക്ക് ഒരു നോസ് ഡൈവ്... ഒന്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്, എന്റെ ബെസ്റ്റ് ഫ്രെന്ഡ്, വൈകിട്ട് കൃഷ്ണന്‍ സാറിന്റെ റ്റ്യൂഷന്‍ സെന്ററില്‍ പോകുമ്പൊ, എനിക്കും വെങ്കിടിക്കും വേണ്ടി പഴക്കേക്കിന്റെ പൊതി കൊണ്ടുവരുന്ന, ലക്ഷ്മി... ക്ലാസിലെ ടോപ്പര്മാരായതിനാലും കൂടി ഒരു പ്രത്യേക അടുപ്പം ഞങ്ങളില്‍ ഉണ്ടായിരുന്നു. പഠനം മത്സരമായ് കണ്ട് പഠിക്കുമ്പോഴും, സ്പോര്‍ട്സ് മാ‍ന്‍‍ സ്പിരിറ്റ് കളയാത്ത നല്ല സുഹൃത്തുക്കള്‍. പ്രായത്തിന്റെ അപക്വതയില്‍, എന്റെ മനസ്സില്‍ ഞാന്‍ തന്നെ പറഞ്ഞ, അല്ലെങ്കില്‍ കൊണ്ട് നടന്ന ആദ്യത്തെ പ്രേമം.

അവള്‍ക്കതറിയില്ല.. അന്നും ഇന്നും.

അവള്‍ ഇതാ അടുത്തെത്തി... കുഞ്ഞിന്റെ കവിളില്‍ നുള്ളി, ചോദിച്ചു... 'മാമാവെ തെരിയുമാ?' കുട്ടി നാണിച്ച് അമ്മയുടെ പുറകില്‍ ഒളിഞ്ഞു...

സൌഖ്യമാ ഇരുക്കയാ ലക്ഷ്മി?

സുഖം ടാ... നീ ഇപ്പൊ ഇങ്ക ഇല്ലയാ?....

ഇല്ലൈ, ചെന്നൈയിലെ ആക്കും, ലീവിലെ വന്തേന്‍... ആമാം, എങ്ക പോറായ്?

മൂത്തപൊണ്ണൈ സ്കൂളിലേന്ത് കൂപ്പട പോണം... അങ്ക താന്‍ പൊയിട്ടിരുക്കേന്‍...

അവള്‍ നടന്നകന്നു... ഞാന്‍ എന്തോ ഓര്‍ത്ത് ഉറക്കെ ഒന്നു ചിരിച്ചു... അകത്ത് നിന്ന് ആശാന്‍... സാമീ, നല്ല ചൂട് പഴക്കേക്ക്കള്‌ ഇരിക്കിന്‌, പൊതിയിറ്റാ?

വേണ്ട മാമാ... ഇപ്പൊ ഉള്ളിവടകളേ തിന്നുവൊള്ള്... അഞ്ചെണ്ണം പൊതിയിനം ...

ആശാന്‍ തന്ന വെള്ള പ്ലാസ്റ്റിക് കവറുമായി, എന്റെ ബൈക്ക് തള്ളല്‍ തുടര്ന്നു...

( പണ്ടൊരിക്കല്‍ പോസ്റ്റിയത്... അത് നഷ്ടപ്പെട്ടു പോയി... അതിനാല്‍ റീ-പോസ്റ്റ്. )