ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, September 16, 2007

രത്നാകരന്‍ മുതല്‍ ബാലുമാഷ് വരെ

ഡിസ്ക്ലൈമര്‍: ഈ ഒരു പോസ്റ്റ് കൊണ്ട്, ആരെങ്കിലും നന്നാവണം എന്നെനിക്ക് നിര്‍ബ്ബന്ധം ഒന്നുമില്ല. വായിക്കുന്നവര്‍ക്ക് കമന്റ് ഇടാനുള്ള സൌകര്യം ഉണ്ട്.

ഒരു കാട്ടില്‍, കള്ളനായി ജീവിച്ച രത്നാകരന്‍, മോശപ്പെട്ട ആ തൊഴില്‍ വിട്ട്, നല്ലവനായി. ഈശ്വരനെ ധ്യാനിച്ച് തപസ്സിലിരുന്ന അവനെ ചിതല്‍ മൂടി. അങ്ങനെ വാത്മീകത്താല്‍ മൂടപ്പെട്ടവനെ സപ്തര്‍ഷികള്‍ വാത്മീകി എന്ന് വിളിച്ചു. ആ വാത്മീകി എഴുതിയ ഒരു കഥയാണ്, രാമായണം. -ഇതൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളല്ലേ? അതെ. ഇനി പറയാന്‍ പോകുന്നതും എല്ലാര്‍ക്കും അറിയാവുന്ന കാര്യങ്ങള്‍ തന്നെ. പക്ഷേ പലരും അത് മറന്നു പോയി എന്ന് പൊന്നമ്പലത്തിനു തോന്നുന്നു! (ങെ ഇതെന്താ ഞാനും പടം വരക്കാന്‍ തുടങ്ങിയോ ഭഗവാനേ?!)

രാമായണവും മഹാഭാരതവും ഭാരതത്തിന്റേതെന്ന് കരുതപ്പെടുന്ന രണ്ട് ഇതിഹാസങ്ങള്‍ ആണ്. ഇതിഹാസം എന്നത് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഇതി + ഇഹ + ആസം (ഇങ്ങനെ ഇവിടെ സംഭവിച്ചിരുന്നു) എന്നാണ്. പക്ഷേ ഇപ്പോ ചിലര്‍ പറയുന്നത് കേട്ടാല്‍ തോന്നും, ഇതി + ഹാസം ആണെന്ന്.

രാമായണത്തിനും മഹാഭാരതത്തിനും ഉള്ള ഒരു പ്രധാന വ്യത്യാസം എന്നത്, ഒരു മനുഷ്യന്‍ എങ്ങനെ ആകരുത് എന്നതാണ് മഹാഭാരതം പറയുന്നത്. ഒരു മനുഷ്യന്‍ എങ്ങനെ ആകണം എന്നത് രാമായണവും പറയുന്നു. നോക്കാം,

രാമന്‍ - നല്ല മകന്‍, നല്ല ജ്യേഷ്ഠന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്, നല്ല ഭര്‍ത്താവ്, നല്ല രാജാവ്, നല്ല യജമാനന്‍.
സീത - നല്ല മകള്‍, നല്ല സഹോദരി, നല്ല ഭാര്യ, നല്ല അമ്മ.
ലക്ഷ്മണന്‍ - നല്ല മകന്‍, നല്ല അനിയന്‍, നല്ല ശിഷ്യന്‍, നല്ല യോദ്ധാവ്.
ഹനുമാന്‍ - നല്ല സേവകന്‍, നല്ല തോഴന്‍, നല്ല ദൂതന്‍, നല്ല സംഗീതജ്ഞന്‍, നല്ല മദ്ധ്യസ്ഥന്‍, വാഗ്ചാതുര്യമുള്ളവന്‍.
രാവണന്‍ - നല്ല അച്ഛന്‍ (പില്‍ക്കാലത്ത്) ‍, ഈശ്വര വിശ്വാസി. (സ്വന്തം നാശത്തിനു കാരണം വേറെ ഉണ്ട്)

ധര്‍മ്മപുത്രന്‍ - യുദ്ധത്തില്‍ ദ്രോണരെ ചതിക്കുന്നു. സ്വാര്‍ത്ഥന്‍, ധൂര്‍ത്തന്‍, ചൂതാടി.
ഭീമന്‍ - ആവശ്യമുള്ളപ്പോള്‍ ചിന്തിക്കാത്തവന്‍. എല്ലാരാലും കളിയാക്കപ്പെടുന്നവന്‍.
അര്‍ജ്ജുനന്‍ - അഹങ്കാരി.
കര്‍ണ്ണന്‍ - ആത്മവിശ്വാസം ഇല്ലാത്തവന്‍. ധൂര്‍ത്തന്‍ (അമിതമായ ദാനശീലം)
സുയോധനന്‍ - അമ്മാവന്റെ വാക്കുകള്‍ മാത്രം കേള്‍ക്കുന്നവന്‍ (സ്വയം ചിന്തിക്കാത്തവന്‍)
ശകുനി - പക്ഷഭേദം

പക്ഷേ, എല്ലാരും ഒരുപോലെ ചിന്തിക്കണം എന്ന് നമുക്ക് വാശിപിടിക്കാന്‍ പാടില്ലല്ലൊ.

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും
ചോരതന്നെ കൊതുകിന്നു കൌതുകം”

എന്ന മട്ടില്‍, ദോഷൈകദൃക്കുകള്‍ ഒരുപാട് കാണും. ഓരോ കൃതിയും, അതെഴുതിയ ആള്‍ എന്തുദ്ദേശിച്ച് എഴുതിയിരിക്കുന്നു എന്ന് അറിഞ്ഞ് വായിക്കുന്നതാണ് ഉത്തമം. ഇതിഹാസങ്ങളിലും മറ്റും അത് പറഞ്ഞിട്ടും ഉണ്ട്.

രാമന്‍ എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം ആയിരിക്കാം, ജീവിച്ചിരുന്ന ഒരു വ്യക്തി ആയിരിക്കാം. അതില്‍ കാര്യമില്ല. നമ്മള്‍ ജീവിക്കുന്ന ‘ഇന്ന്’ എന്ന ദിവസം, അതിന്റെ ഔചിത്യത്തെ കുറിച്ചാകണം നമ്മള്‍ ചിന്തിക്കേണ്ടത്. ഉദാഹരണം: മഹാത്മാ ഗാന്ധി, ഒരു നാല് തലമുറകഴിയുമ്പോള്‍ ഇന്ന് രാമായണത്തെ എതിര്‍ത്തവരുടെ പിന്‍‌ഗാമികള്‍ ഉറപ്പായും പറയും, ഗാന്ധി എന്നൊരു മനുഷ്യന്‍ ജീവിച്ചിരുന്നില്ല എന്ന്. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ കഥയാണെന്ന് (അത് ഇപ്പൊ തന്നെ പലരും പറഞ്ഞ് തുടങ്ങി). ഗാന്ധിയുടെ ഫോട്ടോയും വീഡിയോയും എല്ലാം ഗ്രാഫിക്സ് ആണെന്ന്. കാരണം, എന്തുകൊണ്ടാണോ രാമന്‍ എന്നൊരു വ്യക്തി ജീവിച്ചിരിക്കാനിടയില്ലാ എന്ന് ഇവര്‍ പറയുന്നുവോ അതേ കാരണം തന്നെ ഗാന്ധിക്കും സ്യൂട്ട് ആവും! ഇത്ര കഷ്ടതകള്‍ ആരും അനുഭവിക്കില്ല, ഗാന്ധി ഗുജറാത്തിയാണ്! എന്നൊക്കെ...

പിന്നെ ഒരു വാദ പ്രതിവാദങ്ങള്‍ക്കായി വേണമെങ്കില്‍ ഒരു കാര്യം കൂടി പറയാം. പെറ്റ തള്ളയെ ഒറ്റയ്ക്കാക്കീട്ട് നാട് വിട്ടു പോയി എന്ന് യേശുകൃസ്തുവിനെ കുറിച്ച് ആരും പറയില്ല. പക്ഷേ, കെട്ടിയ പെണ്ണിനെ ഉപേക്ഷിച്ചു പോയ രാമനെ പറയാം, അതിനു കാരണം എന്താണെങ്കിലും. (കര്‍ത്താവേ എന്നോട് പൊറുക്കേണമേ.)

ഇനി ശകലം ‘***ഹത്യ’...

ബീ ജേ പ്പീ, എന്ന പേരില്‍, തുടങ്ങീട്ട് 30 കൊല്ലം പോലും തികയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി, അവര്‍ രാമന്റെ പടം തങ്ങളുടെ പോസ്റ്ററില്‍ അച്ചടിച്ചു എന്ന കാരണത്താല്‍, ബീജേപ്പീയുമായി യാതൊരു ബന്ധവും ഇല്ലാത്ത ‘ഹിന്ദു മത’ വിശ്വാസികള്‍ ആരാധിക്കുന്ന ശ്രീ രാമനെ പുലഭ്യം പറയുന്ന എല്ലാരുടേം ‘കണ്ണിലെ ഉണ്ണി’ ആയ ‘പ്രിയ ബ്ലോഗര്‍’മാരുടെ ശ്രദ്ധക്ക്. ഉടയവര്‍ ഇല്ലാത്ത അടഞ്ഞ വാതിലുകള്‍ ഉള്ള ബ്ലോഗ് പോലത്തെ ഒരു സ്ഥലത്ത് നിന്നു മാത്രമേ നിങ്ങള്‍ക്ക് ഇങ്ങനെ കുരക്കാനാകൂ. പുറത്തിറങ്ങി, ഒരു പൊതു വേദിയില്‍ സംസാരിച്ചാല്‍, ജോഡിയില്ലാത്ത ചെരുപ്പുകള്‍ക്കായുള്ള പുതിയ ഷോറൂം തുറക്കാനും മാത്രമുള്ള ചെരുപ്പുകള്‍ നിങ്ങള്‍ക്ക് കിട്ടും.

സമരവും, വികസനവും നടത്തുന്നത് മനുഷ്യന്‍ തന്നെ. മനുഷ്യന്‍ ചെയ്യുന്ന സമരത്തിനു മനുഷ്യനെ മാത്രം പഴിക്കുക. യുക്തിവാദികള്‍ മോശം ആള്‍ക്കാരല്ല. യുക്തിവാദികള്‍ക്ക് ദൈവം ഇല്ല എന്ന് എത്രത്തോളം വിശ്വസിക്കാമോ, അത്ര തന്നെ ആസ്തികര്‍ക്ക്, ദൈവത്തില്‍ വിശ്വസിക്കാനും അവകാശമുണ്ട്.


ഇന്‍ഫോ: തൂത്തുക്കുടിയിലെ ഷിപ്പിങ് കമ്പനികളില്‍, നമ്മുടെ കേന്ദ്രമന്ത്രി ടി ആര്‍ ബാലുവിന് എത്ര കമ്പനികളില്‍ അംഗത്വം ഉണ്ടെന്ന് ആര്‍ക്കെങ്കിലും അറിയാമൊ? സ്വന്തം കമ്പനികള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ കപ്പല്‍ പാത! സര്‍ക്കാരിന് വര്‍ഷം 21 കോടി... ബാലു അണ്ണനൊ?

രത്നാകരന്‍ എന്നാല്‍ കടല്‍ എന്ന് അര്‍ത്ഥം. രത്നാകരന്‍ കള്ളനായിരുന്നു. പിന്നെ നന്നായി. ചിലപ്പൊ ബാലുമാഷും നന്നാവുമായിരിക്കും അല്ലെ?

പിന്‍‌കുറിപ്പ്: എവിടെയോ തുടങ്ങി, എവിടെയോ നിര്‍ത്തി. എന്നാലും ഞാന്‍ എനിക്കു പറയാനുള്ള പലതും പറഞ്ഞിട്ടുണ്ട്.