ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Sunday, August 26, 2007

ഡഗ്ലസോഗ്രഫി - 2

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

അന്നൊരു വെള്ളിയാഴ്ച്ച. കമ്പനിയില്‍ പുതിയതായ് കുറേ പേര്‍ ജോയിന്‍ ചെയ്യുന്നു. പതിവ് പോലെ മുട്ടനാടുകളായിരിക്കും വരിക എന്ന് ബാച്ചി സമൂഹം തെറ്റിധരിച്ചു. എല്ലാരുടെയും പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അനുപമ സൌന്ദര്യ ധാമങ്ങളായ തരുണീ മണികള്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാവിലെ തന്നെ ശിവരാജന് മേലുദ്യോഗസ്തയുടെ ഓര്‍ഡര്‍ ലഭിച്ചു, പുതിയതായി കുറച്ച് പ്രൊബേഷനേര്‍സ് വരുന്നു. അവരുടെ ട്രെയ്നിങ് കാര്യങ്ങള്‍ നോക്കിക്കോണം. അങ്ങനെ ശിവരാജന്റെ ശിഷ്യഗണങ്ങളില്‍ അവരെയും ചേര്‍ക്കപ്പെട്ടു. ശിവരാജന്‍ ടീമിലെ ഒരു ജെന്റില്‍ മാന്‍ ആയതിനാല്‍, ആണ്‍കുട്ടികളായാലും, പെണ്‍കുട്ടികളായാലും, കലണ്ടര്‍ മനോരമ തന്നെ, ട്രെയ്നര്‍ ശിവരാജന്‍ തന്നെ. മൂന്ന് ആണ്‍കുട്ടികള്‍, നാലു പെണ്‍കുട്ടികള്‍. പാത്തുമ്മ, ഐശുമ്മ, കര്‍ത്യായനി പിന്നെ നമ്മുടെ നായിക അമ്മിണി പിള്ളൈ. അമ്മിണിയെ വര്‍ണ്ണിക്കാന്‍ ഡഗ്ലസ്സിനു മാത്രമായിരുന്നു അവകാശം. എന്തായാലും, ഡഗ്ലസില്‍ പ്രകടമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ഒരു പക്ഷെ മറ്റാരെക്കാളും ശിവരാജന് അത് മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു. കാരണം, സാധാരണ, വെള്ളമടിച്ച് കഴിഞ്ഞ് നടക്കാന്‍ പറ്റാതാവുമ്പോള്‍ ശിവരാജനാണ് ഡഗ്ലസിനെ ഉള്ളൂരുള്ള അവന്റെ വീട്ടില്‍ കൊണ്ടാക്കുന്നത്. ആ അവസരങ്ങളില്‍ മാത്രമേ അവര്‍ തമ്മില്‍ സംസാരിച്ചിരുന്നുള്ളൂ. അങ്ങനത്തെ ഡഗ്ലസ്, പുതിയ കുട്ടികള്‍ വന്നതോട് കൂടി ശിവരാജനോട് വളരെ അടുത്ത സൌഹൃദം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഡഗ്ലസ് വെള്ളമടിച്ചില്ലെങ്കിലും, കണ്ണ്...

മറ്റൊരു മാറ്റം, അന്ന് വരെ നികിതാസില്‍ നിന്നും കലവറയില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ഡഗ്ലസ്, വീട്ടില്‍ പാകം ചെയ്ത ഭക്ഷണം ഓഫീസില്‍ കൊണ്ട് വന്ന് കഴിക്കാന്‍ തുടങ്ങി. ഊണ് കഴിഞ്ഞ് കവടിയാര്‍ കവലയിലെ ജ്യൂസ് കടയില്‍ പോയി ജ്യൂസ് കുടിക്കുന്ന ഒരു പുതിയ സ്കീമും നടപ്പില്‍ വരുത്തി. കാരണം അമ്മിണി പിള്ള ഇതൊക്കെ ചെയ്യുന്നു. ഇതൊക്കെ കൂട്ടുകാര്‍ ശ്രദ്ധിക്കാന്‍ അല്പം താമസിച്ചുപോയി എന്ന് തന്നെ പറയാം. പക്ഷേ, എന്നും ഡഗ്ലസിന്റെ മനസ്സില്‍ ലാലേട്ടനും മീനയും അഭിനയിച്ച പാട്ടുകള്‍ ഓടി നടക്കുകയായിരുന്നു.

“കണ്ണില്‍ മിന്നാട്ടം
മിന്നുന്ന തിളക്കം
കയ്യില്‍ തോണിപ്പാട്ടിന്‍
വള കിലുക്കം
മെയ്യില്‍ അന്തിക്ക് ചെന്തെങ്ങിന്‍ ചെമ്മുകില്‍ ചാന്തിട്ട
പൂക്കുല തോല്‍ക്കും ഗന്ധം...”

പാട്ടുകള്‍ തിരുവനന്തപുരം-കോട്ടയം-പാലായ്-മൂവാറ്റുപുഴ-തൃശ്ശൂര്‍ വഴി അതിധ്രുത വേഗത്തില്‍ പാഞ്ഞു.


ടിങ് ടോങ് ടിങ് ടോങ്....ടിങ് ടോങ് ടിങ് ടോങ്... ആരോ ഞെക്കിയ ഡോര്‍ ബെല്‍ ഡഗ്ലസിനെ സ്വപ്നലോകത്തു നിന്നും ഉണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ അനിലാണ്. അനില്‍- ‘എന്തടാ? നീ ഇന്ന് ഓഫീസില്‍ പോയില്ലെ?’. (ഹ്മ്മ്... ഓഫീസില്‍ അടുത്തടുത്ത് സീറ്റില്‍ ഇരിക്കുന്നവന്മാരാ... മനസ്സിലായല്ലൊ?) ഡഗ്ലസ്- ‘പോയിരുന്നു, നേരത്തേ ഇങ്ങു പോന്നു...; മനസ്സിനു നല്ല സുഖം ഇല്ല’. അത് പണ്ടേ ഇല്ലല്ലൊ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ദിനചര്യയുടെ അടുത്ത പടിയായ തീര്‍ത്ഥപാനത്തിനായി, അനില്‍ വേഷമൊക്കെ മാറി പുറത്തേക്ക് പോയി. സമയം പരപരാ ഇരുട്ടിത്തുടങ്ങി. മണി 7:00. ഏകാന്തത ഡഗ്ലസിനെ വല്ലാതെ വേട്ടയാടി. അവന്‍ ഒന്നുറപ്പിച്ചു. ഇതെന്റെ ജീവിതം. ഇപ്പൊ ഒരു തീരുമാനമെടുത്തില്ലെങ്കില്‍.... അവന്റെ മനസ്സില്‍ യുദ്ധത്തിന്റ്റെ പെരുമ്പറ മുഴങ്ങി. അതെ ഹൃദയമിടിപ്പ് തന്നെ. അവന്‍ സ്വന്തം മോട്ടറോള സെറ്റില്‍ വിരലോടിച്ചു. കുട്ടിയെ വിളിച്ചു. അങ്ങേ തലക്കല്‍ ഡയലര്‍ ടോണ്‍...

“പച്ചപ്പനന്തത്തേ... പുന്നാര പൂമുത്തേ...”

Saturday, August 25, 2007

ഡഗ്ലാസോഗ്രഫി - 1

സസ്യശാമള കോമള സുന്ദരമായ കേരളത്തിന്റെ ഭരണയന്ത്രം തലങ്ങും വിലങ്ങും തിരിയുന്ന തിരുവനന്തപുരം എന്ന നഗരത്തിന്റെ പ്രാ(ഭ്രാ)ന്ത പ്രദേശത്തുള്ള കവടിയാര്‍ എന്ന സ്ഥലത്ത് പ്ലുക്കോ, പ്ലുക്കോ എന്നൊരു സോഫ്റ്റ്വേറ് കമ്പനി ഉണ്ടാരുന്നു. അവിടെ ഡഗ്ലസ് ഡഗ്ലസ് എന്നൊരു പയ്യന്‍ ഉണ്ടായിരുന്നു. 2004-ല്‍ അവന്‍ ആ കമ്പനിയില്‍ ജോയിന്‍ ചെയ്തു. ജോയിന്‍ ചെയ്ത് അധികം കാലത്തിനു മുന്നേ തന്നെ അവന്‍ ഒരു എണ്ണം പറഞ്ഞ കുടിയനാണെന്ന് അറിവുള്ളവര്‍ മനസ്സിലാക്കുകയും, അതില്‍ അവന്റെ പ്രാഗദ്ഭ്യം തെളിയിക്കാന്‍ അവസരം ഒരുക്കു കൊടുക്കുകയും കൂടി ചെയ്തപ്പോള്‍, അവന്‍ പറയുന്ന വാക്കുകള്‍ ഹൃദയത്തില്‍ നിന്നും പോയിന്റ് - റ്റു - പോയിന്റ് ബസ്സ് ഓടിക്കുന്നത് പോലെയായിരുന്നു. ഡഗ്ലസ് പറഞ്ഞത് - “എടാ, ഞാന്‍ ഫസ്റ്റ് സെമെസ്റ്റര്‍-ല്‍ പഠിക്കുമ്പോള്‍ വളരെ നല്ല ഒരു പയ്യനായിരുന്നു. തേര്‍ഡ് സെമെസ്റ്റര്‍ ആയപ്പോള്‍ എല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് എന്നെ കൊണ്ട് ബിയര്‍ അടിപ്പിച്ചു. പണ്ടൊക്കെ ഒരു ബിയര്‍ മതിയായിരുന്നു. ഇപ്പൊ നാല് ഹോട്ട് അകത്ത് ചെല്ലാതെ ഉറങ്ങാന്‍ പറ്റുന്നില്ല...” ഈ വാക്കുകള്‍ ഡഗ്ലസ് എന്ന മനുഷ്യന്റെ ആ നിഷ്കളങ്കമായ ഉപബോധമനസ്സിന്റെ സ്വച്ഛതയുടെ പ്രക്ഷാളനമാണ് (പുതിയ വാക്കാണ്).

കാലപ്രയാണത്തില്‍, ഡഗ്ലസ് തിരുവനന്തപുരത്തുകാരുടെ കണ്ണില്‍ ഒരു ഉണ്ണിയായി മാറുകയും, അന്നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥാ വിശേഷം ഉണ്ടാവുകയും ചെയ്തപ്പോള്‍, ബാംഗളൂരിലേക്ക് ചേക്കേറി. കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നാണല്ലോ പണ്ട് ശാന്തീകൃഷ്ണാ പറഞ്ഞത്. അവന്‍ ബാംഗളൂരില്‍ എത്തിയപ്പോളാണ് തിരുവനന്തപുരത്ത് അവനെ സ്നേഹിച്ചിരുന്ന, അവനെ മാത്രം സ്നേഹിച്ചിരുന്ന, അവന്‍ സ്നേഹിച്ചിരുന്ന ഒരു ഹൃദയം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ ചെയ്യുന്നതെല്ലാ‍ം യാന്ത്രികമായിരിക്കും. മൈ നമ്പര്‍ ഈസ് 09841295707. (ഹാവൂ പീറ്റേഴ്സണ്‍ ഔട്ട് ആയി) അവന്‍ സ്വയം പറഞ്ഞു. പിന്നെ ചെയ്തതും യാന്തികം മാത്രം. “ബീയെസ്സെന്നെലും, മോട്ടോറോളായും ഈ പ്രേമത്തിനു സാക്ഷികള്‍” എന്നവന്‍ ഉറക്കെ തുറക്കേ പ്രഖ്യാപിച്ചൂ. ഫോണ്‍ബുക്കില്‍ നിന്നും അമ്മിണിയുടെ ഫോണ്‍ നമ്പര്‍ എടുത്തു. ആ നമ്പറും നോക്കി അവന്‍ ഒരു വീക്കെന്‍ഡ് കഴിഞ്ഞുകൂടി. മനസ്സില്‍ ഒരായിരം ചിത്രശലഭങ്ങള്‍ ഒരുമിച്ച് പറന്നുയര്‍ന്ന പോലെ. അവന്റെ മനസ്സില്‍ അവളിടെ മുഖം തികട്ടി വന്നുകൊണ്ടേ ഇരുന്നു, പഴകിയ മൈസൂര്‍ പാക്ക് തിന്ന പോലെ. അവളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവന്റെ മനസ്സില്‍ കവി ഭാവനകളുടെ ഉദാത്തമായ പല വര്‍ണ്ണങ്ങളും മിന്നി മറഞ്ഞു. നിലാവ്, പൂര്‍ണ്ണ ചന്ദ്രന്‍, നെയ്തലാമ്പല്‍, പാല്‍, പനിനീര്‍, ശിശു, ശൃംഗാരം, കിളിക്കൊഞ്ചല്‍, കാറ്റ്, ചന്ദനം, മുല്ലപ്പൂ... എന്നിങ്ങനെ പ്രണയത്തിന്റെ പല ഭാവങ്ങളും... പ്രേമത്തിന്റെ ഉത്തുംഗ ശൃംഗത്ത് നിന്നും അവന്‍ ലോകത്തെ പുതിയ ഒന്നിനെ പോല്‍ നോക്കിക്കണ്ടു, ആ കാമുക ഹൃദയം വെമ്പല്‍ കൊണ്ടു.-

“അറിഞ്ഞില്ല പൊന്നേ
ആരുമൊട്ടു പറഞ്ഞതുമില്ലാ
ദിനമൊട്ടു കഴിഞ്ഞുമില്ലാ
എങ്കിലും മനമൊട്ടൊഴിഞ്ഞുമില്ല...”

ബാംഗളൂരില്‍ തവരക്കരയിലെ ഫ്ലാറ്റില്‍, ആന്റി-ക്ലോക്ക്‌വൈസ് ദിശയില്‍ തിരിയുന്ന ഫാനില്‍ നോക്കി മലര്‍ന്ന് കിടന്നപ്പോള്‍, അവന്‍ അറിയാതെ തന്നെ ഭൂതകാലത്തിന്റെ കിഴുക്കാംതൂക്കായ താഴ്വരകളിലേക്ക് കൂപ്പുകുത്തി.

[ഞാന്‍ ചത്തില്ലെങ്കില്‍ ഇത് തുടരും... (എന്തൊരു അഹങ്കാരം.. ഹ്മ്മ്മ്)]

Wednesday, August 8, 2007

വര്‍ണ്ണം, ആശ്രമം

ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥം കീഴ്ജാതിയില്‍ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്‍. വ്യാസന്‍ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന്‍ തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.

വര്‍ണ്ണം എന്നത് തൊഴില്‍‌പരമാ‍യ തരം തിരിക്കലാണ്. ആ തരം തിരിക്കല്‍ സമൂഹത്തിന്റെ സുഗമമാ‍യ പ്രവര്‍ത്തനത്തിന് ഒരു ഊക്കം ആണ്. ഭാഗ്യദോഷത്തിന് ഇന്ന് ഈ വ്യവസ്ഥയെ അതിന്റെ അര്‍ത്ഥത്തിലല്ല ആരും കാണുന്നത്. വര്‍ണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ തെളിവുകള്‍ കിട്ടുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍ (10.90) നിന്നാണ്.

मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥

‘ബ്രാഹ്മണന്‍ മഹാപുരുഷന്റെ വായില്‍ നിന്നും, ക്ഷത്രിയന്‍ കൈകളില്‍ നിന്നും, വൈശ്യന്‍ തുടകളില്‍ നിന്നും, ശൂദ്രന്‍ പാദത്തില്‍ നിന്നും വന്നു എന്നാണ്. പുരുഷനെ ഒരു സമൂഹമായി കണ്ടാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നും ഈശ്വര കാര്യങ്ങള്‍ക്കാണ് നാം ഭാരതീയര്‍ പ്രാധാന്യം നല്‍കിയത്. അതു കൊണ്ട് തന്നെ അത് വദനസ്ഥിതമായി. ക്ഷത്രിയം എന്നത് ബലമാണ്‌‍. വണികമാണ് ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് എല്ലാത്തിനും അടിസ്ഥാനം. അല്ലാതെ ബ്രാഹ്മണന്‍ മുഖത്തു നിന്നും ഉണ്ടായതിനാല്‍ പാദത്തില്‍ ഉണ്ടായ ശൂദ്രന്‍ ഒരിക്കലും താഴ്ന്നവനാകുന്നില്ല. കാരണം ഈശ്വരന്റെ പാദത്തിനേക്കാള്‍ മഹത്തരമല്ല മുഖം, മുഖത്തേക്കാള്‍ ഒട്ടും തന്നെ കുറഞ്ഞതല്ല പാദം. കാരണം ഈശ്വരന്‍ അനാദിയാണ്, ഈശ്വരനില്‍ നിന്നാണ് എല്ലാരും ഉണ്ടായത്.‘- ഇത് പുരുഷ സൂക്തം പറയുന്നത്.

ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നാല്‍ സമൂഹത്തിനെ എങ്ങിനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍ ഇങ്ങനെ:

* ബ്രാഹ്മണന്‍- “അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍...)
* ക്ഷത്രിയന്‍- “ധൈര്യമുള്ളവന്‍” (രാജാവ്, പടയാളി...)
* വൈശ്യന്‍- “(കച്ചവട) ബുദ്ധിയുള്ളവന്‍”
* ശൂദ്രന്‍- “സേവന സന്നദ്ധത്യുള്ളവന്‍”

മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന്‍ ആരായാലും അവന്‍ ബ്രാഹ്മണനാണ്. ധൈര്യമുള്ളവന്‍ ആരായാലും അവന്‍ ക്ഷത്രിയനാണ്.


ആശ്രമങ്ങള്‍ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍ ഓരോന്നാണ്. അതിങ്ങനെ:

* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വം, ന്യാസം=ഉപേക്ഷിക്കുക)

ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”. ഈ ആശ്രമങ്ങള്‍ വര്‍ണ്ണത്തിന് അതീതമാണ്. എല്ലാ വര്‍ണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദം ഉപദേശിക്കുന്നു. കാലപ്പോക്കില്‍, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.

ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷി, ആദ്യകാലങ്ങളില്‍ രാജാവായിരിക്കുകയും (ക്ഷത്രിയന്‍), പില്‍കാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന്‍ മുക്കുവസ്ത്രീയുടെ (ശൂദ്രന്‍) പുത്രനായിരുന്നു. മതംഗ മഹര്‍ഷി ആദിവാസിയായിരുന്നു. അതിനാല്‍ തന്നെ വര്‍ണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ‘മനുസ്മൃതി”യില്‍ ഉണ്ട്.

(ചിലപ്പൊ ഒരു എപ്പിസോഡും കൂടി കാണും...)
(സാന്‍ഡോസ്, വേണേല്‍ വിക്കിയില്‍ ഇടാം...)

Monday, August 6, 2007

പൊന്നമ്പലത്തിന്റെ അയ്യപ്പന്‍



അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്, ഭക്തിയുടെയും.

അയ്യപ്പനെ പൊന്നമ്പലം മനസ്സിലാക്കുന്നതും സ്നേഹിക്കുന്നതും, ആ ശക്തിയെ ആവാഹിക്കുന്നതും ഭക്തിമാര്‍ഗ്ഗത്തിലൂടെയാണ്.

ഇന്ത്യക്കാന്റെ മഹനീയ പൈതൃകം എന്ന അഭിമാനമുണ്ടാക്കുന്നത് വിശ്വാസത്തിലൂടെയും, ചിന്തയിലൂടെയുമാണ്.

പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റേത് മാത്രമാണ്. അത് മറ്റാരുടെയും സ്വത്തല്ല. കാരണം പൊന്നമ്പലത്തിന്റെ അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. അതാണ് പൊന്നമ്പലത്തിന്റെ മുത്തശ്ശന്‍ പറഞ്ഞുതന്നത്.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ദൈവമാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്; ബ്രാഹ്മണനായത് കൊണ്ടല്ല.

പൊന്നമ്പലത്തിന് അയ്യപ്പന്‍ ഒരു ആരാധനാ മൂര്‍‌ത്തിയാണ്. കാരണം അയ്യപ്പന്‍ പൊന്നമ്പലത്തിന്റെ വിശ്വാസമാണ്. പൊന്നമ്പലം സഗുണ ഭക്തിയില്‍ വിശ്വസിക്കുന്നു.

അതിന്റെ മനഃശാസ്ത്രം വളരെ ലളിതമാണ്.

ഈശ്വരന്‍ സ്വന്തം വിശ്വാസമാണ്. അടിച്ചേല്‍പ്പിക്കപ്പെടുന്നതോ ഗുരു അല്ലാതെ മറ്റൊരാള്‍ പറഞ്ഞ് തരുന്നതോ അല്ല ദൈവം. തെറ്റായ ഗുരുവിനെ തിരഞ്ഞെടുത്താല്‍ തെറ്റായ അയ്യപ്പനെ കാണാം. കാരണം അയ്യപ്പന്‍ വിശ്വാസമാണ്. വിശ്വാസം തെറ്റാണെങ്കില്‍, അയ്യപ്പനും തെറ്റാകും.

അയ്യപ്പന്‍ ഇപ്പോഴും, പല മനസ്സുകളില്‍ സ്വച്ഛന്തം വിഹരിക്കുന്നു.

ഇന്ത്യക്കാരന്‍* കാലാകാലമായി തെറ്റായ വിശ്വാസങ്ങളുടെ കാളകൂട വിഷമേറ്റ് ബോധമറ്റ് കിടന്നു. ബോധമുള്ളവര്‍ക്ക് എപ്പോഴും അയ്യപ്പന്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു. ഉണ്ട്. ഇനിയും ഉണ്ടായിരിക്കും.

വിശ്വാസങ്ങള്‍ മാറും. പക്ഷേ ഈശ്വരന്‍ മാറുന്നില്ല. പഴനിമലയായാലും പറങ്കി മലയായാലും, ദൈവം ദൈവം തന്നെ. ഹിന്ദു മതത്തിലെ ഭക്തിഭാവം ജാതി ചിന്തകള്‍ക്ക് അതീതമാണ്. പക്ഷെ, സ്വകാര്യ വിചാരങ്ങള്‍ക്കും, സ്വന്തം വിശ്വാസങ്ങള്‍ക്കും അതീതമല്ല. അത് മനസ്സിലാക്കാനുള്ള പ്രാപ്തിയാണ് ഓരോരുത്തരും നേടേണ്ടത്.

സ്വന്തം ജീവനും അഭിമാനത്തിനും വേണ്ടി ഹിന്ദുമതത്തില്‍ നിന്നും ഓടി രക്ഷപെട്ടവര്‍ ഒരു കാര്യം അറിയൂ. നിങ്ങളുടെ ദൈവം മാറിയിട്ടില്ല. നിങ്ങളുടെ വിശ്വാസവും മാറിയിട്ടില്ല. വിശ്വാസത്തിലെ മാട് മേയ്ക്കുന്നവന്‍ ആട് മേയ്ക്കുന്നവനായി. അത്ര തന്നെ.


ഒന്നു മാത്രം. വിശ്വാസം തെറ്റാണെങ്കില്‍, ദൈവത്തെയോ ജാതിയെയോ മനുഷ്യനേയോ പഴിച്ചിട്ട് യാതൊരു കാര്യവും ഇല്ല. വിശ്വാസം ശരിയാണെന്ന് ഉറപ്പ് വരുത്തുക.

പൊന്നമ്പലത്തിന്റെ വിശ്വാസം ഇതാണ് എന്ന് ഉറക്കെ പറയുക മാത്രമാണ്. പൊന്നമ്പലത്തിന്റെ വിശ്വാസം പൊന്നമ്പലത്തിനെ രക്ഷിക്കും.

പൊന്നമ്പലം പറയുന്നത്:

1) ദൈവം വിശ്വാസമാണ്. (റിപ്പീറ്റ്)
2) വിശ്വാസത്തിന് ഒരു രൂപം കല്പിക്കുന്നത് മാത്രമാണ് വിഗ്രഹം. (ഒരു കുഞ്ഞ് പാവയുമായി കളിക്കുന്നത് പോലെ)
3) സ്വന്തം കഴിവില്‍ ‘അഹങ്കരിക്കാതെയിരിക്കുക‘. ആ അഹങ്കാരത്തെ മറ്റൊരു രൂപത്തിലേക്ക് മാറ്റിവച്ച് ലളിതമായ രീതിയില്‍ ചിന്തിക്കുക.
4) മറ്റൊരു മതം എന്നൊന്നില്ല. എല്ലാം ജഗത്കര്‍ത്താവായ ഈശ്വരനില്‍ അര്‍പ്പിതം എന്ന് വിശ്വസിക്കാന്‍ പഠിക്കുക
5) സവര്‍ണ്ണന്‍ അവര്‍ണ്ണന്‍ എന്ന് രണ്ടായി കാണാതിരിക്കുക (ഇന്ന്).
6) ജാതിയെ കുറിച്ച് ചിന്തിക്കാത്തവര്‍ക്കിടയില്‍ ജാ‍തി ചിന്ത വളര്‍ത്തില്ല എന്ന് പ്രതിജ്ഞ ചെയ്യുക.
7) നല്ലത് മാത്രം വിചാരിക്കുക. (ഓഫ് സ്പിന്നും ലെഗ് സ്പിന്നും വേണ്ട. കുത്തിത്തിരിപ്പ്)

അയ്യപ്പാ ശരണം...