ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Wednesday, August 8, 2007

വര്‍ണ്ണം, ആശ്രമം

ആദിമ കാലങ്ങളില്‍ മനുഷ്യ സമൂഹത്തിന് കൃഷിയും കച്ചവടവും മാത്രമായിരുന്നു മാത്രമായിരുന്നു തൊഴില്‍. കാലപ്പോക്കില്‍, ഓരോ തൊഴിലിനും പ്രത്യേക കഴിവുള്ളവര്‍ ഉണ്ടായി. അങ്ങനെ കൃഷിക്കാരനും കച്ചവടക്കാരനും വേട്ടക്കാരനും ഒക്കെ ഉണ്ടായി. സംസ്കാരികമായ പുരോഗതിയോടൊപ്പം വൈവിധ്യമാര്‍ന്ന തൊഴിലുകളും വന്നെത്തി. അങ്ങനെ കൊല്ലനും ആശാരിയും ഉണ്ടായി. ഇങ്ങനെ, തൊഴില്‍ വിദഗ്ധര്‍ ഉണ്ടായപ്പോള്‍ സാമൂഹ്യ പുരോഗതിയും ഉണ്ടായി.

ശതവാഹന രാജവംശത്തിന്റെ കാലത്ത് തന്നെ തൊഴില്‍ അടിസ്ഥാനമാക്കി സമൂഹത്തില്‍ തരം തിരിവുകള്‍ ഉണ്ടായിരുന്നു. ആ രാജവംശം കാലക്രമേണ മണ്മറഞ്ഞു പോയി. പ്രധാനമായും, ബ്രാഹ്മണര്‍ ആത്മീയ കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയും സമൂഹത്തിന്റെ മേല്‍തട്ടിലാവുകയും ചെയ്തു. അതിനര്‍ത്ഥം കീഴ്ജാതിയില്‍ പെട്ടവരെ ഹിന്ദു മതം തള്ളിപ്പറയുന്നു എന്നല്ല. ഏറ്റവും നല്ല ഉദാഹരണം, വ്യാസന്‍. വ്യാസന്‍ ഒരു മുക്കുവ സ്ത്രീയുടെ മകനായിരുന്നു. അതേ വ്യാസന്‍ തന്നെയാണ് വേദോപനിഷത്തുക്കളും, മഹാഭാരതവും എഴുതിയതും.

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.

വര്‍ണ്ണം എന്നത് തൊഴില്‍‌പരമാ‍യ തരം തിരിക്കലാണ്. ആ തരം തിരിക്കല്‍ സമൂഹത്തിന്റെ സുഗമമാ‍യ പ്രവര്‍ത്തനത്തിന് ഒരു ഊക്കം ആണ്. ഭാഗ്യദോഷത്തിന് ഇന്ന് ഈ വ്യവസ്ഥയെ അതിന്റെ അര്‍ത്ഥത്തിലല്ല ആരും കാണുന്നത്. വര്‍ണ്ണങ്ങളെ കുറിച്ചുള്ള ഏറ്റവും പഴയ തെളിവുകള്‍ കിട്ടുന്നത് ഋഗ്വേദത്തിലെ പുരുഷ സൂക്തത്തില്‍ (10.90) നിന്നാണ്.

मुखं किमस्य कौ बाहू का ऊरू पादा उच्येते ॥
ब्राह्मणो अस्य मुखमासीद बाहू राजन्यः कर्तः ।
ऊरूतदस्य यद वैश्यः पद्भ्यां शूद्रो अजायत ॥

‘ബ്രാഹ്മണന്‍ മഹാപുരുഷന്റെ വായില്‍ നിന്നും, ക്ഷത്രിയന്‍ കൈകളില്‍ നിന്നും, വൈശ്യന്‍ തുടകളില്‍ നിന്നും, ശൂദ്രന്‍ പാദത്തില്‍ നിന്നും വന്നു എന്നാണ്. പുരുഷനെ ഒരു സമൂഹമായി കണ്ടാല്‍ അത് മനസ്സിലാവുകയും ചെയ്യും. എന്നും ഈശ്വര കാര്യങ്ങള്‍ക്കാണ് നാം ഭാരതീയര്‍ പ്രാധാന്യം നല്‍കിയത്. അതു കൊണ്ട് തന്നെ അത് വദനസ്ഥിതമായി. ക്ഷത്രിയം എന്നത് ബലമാണ്‌‍. വണികമാണ് ഒരു നാടിന്റെ സാമ്പത്തിക ശക്തി. അതുകൊണ്ടാണ് സമൂഹം പുരോഗതിയിലേക്ക് നടക്കുന്നത്. സേവനമാണ് എല്ലാത്തിനും അടിസ്ഥാനം. അല്ലാതെ ബ്രാഹ്മണന്‍ മുഖത്തു നിന്നും ഉണ്ടായതിനാല്‍ പാദത്തില്‍ ഉണ്ടായ ശൂദ്രന്‍ ഒരിക്കലും താഴ്ന്നവനാകുന്നില്ല. കാരണം ഈശ്വരന്റെ പാദത്തിനേക്കാള്‍ മഹത്തരമല്ല മുഖം, മുഖത്തേക്കാള്‍ ഒട്ടും തന്നെ കുറഞ്ഞതല്ല പാദം. കാരണം ഈശ്വരന്‍ അനാദിയാണ്, ഈശ്വരനില്‍ നിന്നാണ് എല്ലാരും ഉണ്ടായത്.‘- ഇത് പുരുഷ സൂക്തം പറയുന്നത്.

ഈ നാല് ഭാഗവും ഒരുമയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സമൂഹത്തിന്റെ സുസ്ഥിരത നിലനില്‍ക്കൂ. ഇവിടെയാണ് കര്‍മ്മത്തിന്റെ പ്രാധാന്യം വരുന്നത്. ഓരോരുത്തരും അവരവരുടെ കര്‍മ്മത്തോട് ഉത്തരവാദപ്പെട്ടിരിക്കുന്നു.

വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ എന്നാല്‍ സമൂഹത്തിനെ എങ്ങിനെ തരം തിരിച്ചിരിക്കുന്നു, ഓരോരുത്തരുടെയും ജീവിതത്തെ എങ്ങനെ പകുത്തിരിക്കുന്നു എന്നതാണ്. തരംതിരിവുകള്‍ ഇങ്ങനെ:

* ബ്രാഹ്മണന്‍- “അറിവുള്ളവന്‍” (അദ്ധ്യാപകന്‍, വൈദ്യന്‍, ഭാഷാപണ്ഡിതന്‍...)
* ക്ഷത്രിയന്‍- “ധൈര്യമുള്ളവന്‍” (രാജാവ്, പടയാളി...)
* വൈശ്യന്‍- “(കച്ചവട) ബുദ്ധിയുള്ളവന്‍”
* ശൂദ്രന്‍- “സേവന സന്നദ്ധത്യുള്ളവന്‍”

മേല്‍പ്പറഞ്ഞതിന്റെ അര്‍ത്ഥം, ബ്രാഹ്മണനു മാത്രമേ അറിവുള്ളൂ ക്ഷത്രിയനു മാത്രമേ ധൈര്യമുള്ളൂ എന്നല്ല. മറിച്ച് അറിവുള്ളവന്‍ ആരായാലും അവന്‍ ബ്രാഹ്മണനാണ്. ധൈര്യമുള്ളവന്‍ ആരായാലും അവന്‍ ക്ഷത്രിയനാണ്.


ആശ്രമങ്ങള്‍ എന്നത് ഒരു മനുഷ്യന്റെ ജീവിതത്തെ നാലായി തിരിച്ചതാണ്. ഒരു മനുഷ്യായുസ്സ് 100 വയസ്സ് എന്ന മുന്‍‌വിധിയിലാണ് ആശ്രമ വ്യവസ്ഥ. ഓരോ ആശ്രമത്തിലും കര്‍മ്മങ്ങള്‍ ഓരോന്നാണ്. അതിങ്ങനെ:

* ബ്രഹ്മചര്യം: വിദ്യാഭാസം
* ഗൃഹസ്താശ്രമം: ലൌകികം, കുടുമ്പം, തൊഴില്‍
* വാനപ്രസ്ഥം: വിശ്രമ ജീവിതം
* സന്യാസം: ഈശ്വര സാക്ഷാത്കാരം (സം=സര്‍വ്വം, ന്യാസം=ഉപേക്ഷിക്കുക)

ആശ്രമങ്ങളിലെ ഉത്തരവാദിത്തങ്ങളാണ്, ഹിന്ദു മതം എന്നും ഉയര്‍ത്തി പിടിച്ചിട്ടുള്ള “ധര്‍മ്മം”. ഈ ആശ്രമങ്ങള്‍ വര്‍ണ്ണത്തിന് അതീതമാണ്. എല്ലാ വര്‍ണ്ണജരും ആശ്രമം അനുഷ്ടിക്കേണ്ടവരാണ് എന്ന് യജുര്‍വ്വേദം ഉപദേശിക്കുന്നു. കാലപ്പോക്കില്‍, പുരുഷസൂക്തത്തെ പലരും തെറ്റായി വ്യാഖ്യാനിക്കുകയും ഉണ്ടായി.

ഹിന്ദു പുരാണങ്ങളില്‍ വളരെ പ്രധാനിയായ വിശ്വാമിത്ര മഹര്‍ഷി, ആദ്യകാലങ്ങളില്‍ രാജാവായിരിക്കുകയും (ക്ഷത്രിയന്‍), പില്‍കാലത്ത് ബ്രാഹ്മണനാവുകയും ചെയ്തു. അതുപോലെ തന്നെ വ്യാസന്‍ മുക്കുവസ്ത്രീയുടെ (ശൂദ്രന്‍) പുത്രനായിരുന്നു. മതംഗ മഹര്‍ഷി ആദിവാസിയായിരുന്നു. അതിനാല്‍ തന്നെ വര്‍ണ്ണം എന്നത് പാരമ്പര്യത്തിലല്ല, മറിച്ച് കര്‍മ്മത്തില്‍ അധിഷ്ടിതമാണ്. ഇതിനെ കുറിച്ച് വ്യക്തമായ പരാമര്‍ശങ്ങള്‍ ‘മനുസ്മൃതി”യില്‍ ഉണ്ട്.

(ചിലപ്പൊ ഒരു എപ്പിസോഡും കൂടി കാണും...)
(സാന്‍ഡോസ്, വേണേല്‍ വിക്കിയില്‍ ഇടാം...)

33 comments:

പൊന്നമ്പലം said...

വര്‍ണ്ണാ‍ശ്രമ ധര്‍മ്മങ്ങള്‍ എന്താണെന്ന് പറയാന്‍ ശ്രമിച്ചിരിക്കുന്നു. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ തയ്യാറായ മനസുള്ള ഒരുവനാണ് ഞാന്‍.

നന്ദി,
പൊന്നമ്പലം

ദില്‍ബാസുരന്‍ said...

വര്‍ണ്ണം എന്ന് പറഞ്ഞാല്‍ നിറം=കളര്‍ എന്നാണ് എന്നേ എനിക്കറിയൂ. അത്രയും അറിഞ്ഞാല്‍ മതി താനും. ;-)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പൊന്നമ്പലം,
ലളിതമായി എഴുതിയിരിക്കുന്നു. നന്നായി.

"വര്‍ണ്ണം ജ്യോതിശ്ശാസ്ത്രപരമായി നിശ്ചയിച്ചിരിക്കുന്നു " എന്നു പറയുമ്പോള്‍ പുരുഷകാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലേ?

അതു കൊണ്ടല്ലേ ശ്രീകൃഷ്ണന്‍-

"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ" എന്നു പറഞ്ഞത്‌.

അതുപോലെ സന്യാസത്തിന്‌ "സമ്യക്‌ ന്യസതീതി സന്യാസഃ" എല്ലാം വേണ്ടവണ്ണം നിര്‍വഹിക്കുക എന്നൊരര്‍ത്ഥവും ഇല്ലേ?

പൊന്നമ്പലം said...

‘സമ്യക്‌ ന്യസതീതി സന്യാസഃ‘

ചെയ്യേണ്ടുന്ന കാര്യങ്ങള്‍ നേരാം‌വണ്ണം തീര്‍ത്തിട്ടേ സന്യാസം സ്വീകരിക്കാവൂ എന്നല്ലേ? ഇഹത്തില്‍ ബാധ്യത ഉള്ളവന് സന്യാസം പാടില്ല എന്നാണ് എന്റെ അറിവ്. കടങ്ങള്‍, കടമകള്‍ എന്നിവ എല്ലാം തീര്‍ത്തതിനു ശേഷം, ജീവിച്ചിരിക്കുന്ന, മരിച്ചു പോയ എല്ലാ ബന്ധുക്കള്‍ക്കും (ജ്ഞാത, അജ്ഞാത) തര്‍പ്പണം ചെയ്ത ശേഷമേ സന്യാസം സ്വീകരിക്കാവൂ എന്നും കേട്ടിട്ടുണ്ട്.

‘ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ‘

ഇതൊന്ന് വിശദീകരിച്ചാല്‍ നന്നായിരുന്നു.
[സഹസ്രനാമം, രുദ്രപ്രശ്നം, ചമകം എന്നിവയുടെയൊക്കെ ഉപന്യാസം കേട്ടുള്ള സംസ്കൃത ജ്ഞാനമേ ഉള്ളൂ. പഠിച്ചിട്ടില്ല.]

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പൊന്നമ്പലം,
ഏകാദശെന്ദ്രിയങ്ങളെയും വേണ്ടവിധത്തില്‍ ന്യസിക്കുക- നാം വേണ്ടാത്ത വിധത്തില്‍ ന്യസിക്കുന്നതാണ്‌ ദുഃഖകാരണം
അതാണ്‌ ഇവിടത്തെ താല്‍പര്യം.
അത്‌ എല്ലായ്പോഴും ചെയ്യാവുന്നതാണ്‌, ബാക്കി പറഞ്ഞതൊക്കെ ആചാരത്തില്‍ വരുന്ന കാര്യങ്ങള്‍.

ഗുണം, കര്‍മ്മം എന്നിവയെ അടിസ്ഥാനപ്പെടുത്തി ആണ്‌ ഞാന്‍ ചാതുര്‍വര്‍ണ്ണ്യം ഉണ്ടാക്കിയത്‌- അതിനു പകരം ജന്മത്തെ മുന്‌ നിര്‍ത്തിയാണ്‌ എന്നുള്ള അവിവേകം ചേര്‍ത്തതാണ്‌ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക്‌ കാരണം.

ഉണ്ണിക്കുട്ടന്‍ said...

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്. അല്ലാതെ പാരമ്പര്യം അല്ല. ഒരു ശൂദ്രന് ജനിക്കുന്ന കുട്ടി ബ്രാഹ്മണനാകാം. മറിച്ചും. പൊതുവേ വര്‍ണ്ണം എന്നത് പാരമ്പര്യമായി തെറ്റിധരിക്കപ്പെട്ട് വരുന്നു.

പക്ഷെ അങ്ങനെ അല്ലല്ലോ ഇപ്പോ കണ്ടു വരുന്നത്..? നായര്‍ കുടുംബത്തില്‍ പിറന്നാല്‍ അവന്‍ നായര്‍ തന്നെയല്ലേ..അല്ലേ..?
[കുഴപ്പമായോ..അറിയാത്തതു കൊണ്ടാ പൊന്നൂ..]

പൊന്നമ്പലം said...

ഹെറിറ്റേജ് സാറിന്റെ കമന്റ് വായിച്ചാല്‍ നിന്റെ സംശയം മാറും ഉണ്ണിക്കുട്ടാ...

ഞാന്‍ ഒന്നൂഹിക്കട്ടെ: കാലത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ വച്ച് ഒരു ശൂദ്രകുലജാതന്‍, തന്റെ മകനെ പഠിക്കാന്‍ വിട്ടില്ല, പകരം തന്റെ തൊഴില്‍ തന്നെ ചെയ്യിച്ചു. അവന്‍ പണക്കാരനായി. അത് കണ്ട് ബാക്കിയുള്ള ശൂദ്രന്മാരും അങ്ങനെ തന്നെ ചെയ്തു, പെട്ടെന്ന് പണക്കാരനാകാന്‍. അങ്ങനെ അങ്ങനെ, ശൂദ്രന്മാര്‍ക്ക് വിദ്യാഭ്യാസം കുറഞ്ഞു. പക്ഷെ ബ്രാഹ്മണര്‍ സാധാരണ പോലെ വിദ്യാഭ്യാസം തുടരുകയും ചെയ്തു. ആ കാ‍ലത്തെ ഏതോ ഒരു തല തിരിഞ്ഞ ബ്രാഹ്മണന്‍ പറഞ്ഞുവച്ചതാകാം ഇന്നത്തെ തരത്തിലെ തെറ്റിധരിക്കപ്പെട്ട ജാതി വ്യവസ്ഥ.

കേള്‍ക്കാന്‍ ബാലരമയിലെ കഥ പോലെയാണെങ്കിലും ഊഹിക്കാന്‍ കരം കൊടുക്കണ്ടല്ലൊ.

ഇതിന്റെ ശരിക്കുള്ള തിയറി ആര്‍ക്കേലും അറിയാമെങ്കില്‍ പറയൂ...

ഉണ്ണിക്കുട്ടന്‍ said...

അതു കണ്ടാരുന്നു ഒരക്ഷരം മനസ്സിലായില്ലാ.. എന്നെ പോലെ സാധരണ മനുഷ്യര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തരൂ...

ഉണ്ണിക്കുട്ടന്‍ said...

നിന്റെ ഊഹം കൊള്ളാലോ ...പണ്ടൊരുത്തന്‍ ഒരു വലയെടുത്ത് വറുതെ വെള്ളത്തിലെറിഞ്ഞു കുറേ മീന്‍ കിട്ടി. പിന്നെ അയാളുടെ മക്കളും വല വീശി. അങ്ങനെ മുക്കവര്‍ ഉണ്ടായി എന്നും നീ ഊഹിച്ചു കളയുമല്ലോടാ.. [ഓഫയോ..നിര്‍ത്തി..പോയി..]

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ഉണ്ണീക്കുട്ടാ,

നായരും, നമ്പൂരിയും, വര്‍മ്മയും, ഈഴവനും ഒന്നും വര്‍ണ്ണമല്ല. അതൊക്കെ വെറും ജാതിപേരുകള്‍ മാത്രമാണ്‌. അവരില്‍ നമ്പൂരിമാരും മറ്റും സ്വയം അങ്ങു ബ്രാഹ്മണനാണ്‌ എന്നു കരുതി ജീവിക്കുകയും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച്‌ കുറെ തോന്ന്യവാസങ്ങള്‍ കാണിക്കുകയും , വിദ്യ മുഴുവന്‍ തങ്ങളുടെതാക്കി വക്കുകയും, മറ്റുള്ളവര്‍ അതനുവദിച്ചു കൊടുക്കുകയും ചെയ്തപ്പോഴാണ്‌ കുഴപ്പം ഉണ്ടായത്‌. contd-

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നമ്പൂരി എന്ന്‌ പേരിനു വാലുള്ളതു കൊണ്ടു മാത്രം ബ്രാഹ്മണനാകില്ല.
വിശ്വാമിത്രന്‍ എന്ന ക്ഷത്രിയന്‍ ക്രമേണ കഅമം ക്രോധം ലോഭം മോഹം മദം മാല്‍സര്യം തുടങ്ങി എല്ലാം ഒഴിവാക്കി ജ്ഞാനം നേടി ബ്രാഹ്മണനായ കഥ വാല്മീകി രാമായണത്തില്‍ വിശദമായി പ്രതിപാദിക്കുന്നത്‌ ഈ സംശയങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം നല്‍കുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

നമ്പൂരി എന്ന്‌ പേരിനു വാലുള്ളതു കൊണ്ടു മാത്രം ബ്രാഹ്മണനാകില്ല.
വിശ്വാമിത്രന്‍ എന്ന ക്ഷത്രിയന്‍ ക്രമേണ കഅമം ക്രോധം ലോഭം മോഹം മദം മാല്‍സര്യം തുടങ്ങി എല്ലാം ഒഴിവാക്കി ജ്ഞാനം നേടി ബ്രാഹ്മണനായ കഥ വാല്മീകി രാമായണത്തില്‍ വിശദമായി പ്രതിപാദിക്കുന്നത്‌ ഈ സംശയങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം നല്‍കുന്നു.

ഉണ്ണിക്കുട്ടന്‍ said...

നന്ദി ഇന്ത്യഹെരിറ്റേജ് ..പക്ഷെ അങ്ങനെ ആണെങ്കില്‍ രണ്ട് ഈഴവര്‍ക്കുണ്ടാകുന്ന കുഞ്ഞ് (മേല്‍ പറഞ്ഞ തിയറി അനുസരിച്ച് ഏതായാലും വര്‍ണ്ണം ബ്രാഹ്മണന്‍ അല്ല) നമ്പൂതിരി (തിയറി അനുസരിച്ച് ബ്രാഹ്മണന്‍ ആവാമല്ലോ) ആവുമോ..? ചോദ്യം ശരിയായില്ലെന്നു തോന്നുന്നു. കാര്യം മനസ്സിലായി എന്നു കരുതുന്നു. ഞാന്‍ ചര്‍ച്ചയുടെ വഴി തെറ്റുക്കുന്നുവെങ്കില്‍ പറയാം കേട്ടോ..

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഛാന്ദോഗ്യ ഉപനിഷത്തില്‍ അച്ഛനാരാണെന്നറിയാത്ത സത്യകാമന്‍ എന്ന കുട്ടിയുടെ കഥയില്‍ കൂടി ഉപനിഷത്തും ഇതിനെ ശരിവയ്ക്കുന്നു.

ഉണ്ണിക്കുട്ടന്‍ said...

മുകളിലത്തെ കമന്റ് ഇപ്പോഴാണ്‌ കണ്ടത്. ഒരു പരിധിവരെ അതെന്റെ സംശായം മാറ്റുന്നു.പക്ഷെ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്

ഒരു നവജാത ശിശുവിന്റെ വര്‍ണ്ണം ജ്യോതിശാസ്ത്രപരമായാണ് നിശ്ചയിക്കപ്പെടുന്നത്.

എന്നാണല്ലോ..?

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Since blogger doesn't allow me to put long comments this nasty exercise.
Even Manusnmr^thi says that transformation fromm brahmin to Soodra and Soodra to braahmin is possible

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Priya unnikkutta, that was the reason why I wrote this "വര്‍ണ്ണം ജ്യോതിശ്ശാസ്ത്രപരമായി നിശ്ചയിച്ചിരിക്കുന്നു " എന്നു പറയുമ്പോള്‍ പുരുഷകാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നില്ലേ?

അതു കൊണ്ടല്ലേ ശ്രീകൃഷ്ണന്‍-

"ചാതുര്‍വര്‍ണ്ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മവിഭാഗശഃ" എന്നു പറഞ്ഞത്‌.

there

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Priya Ponnampalam,
I think it is necessary to correct that varNNam is decided based on GuNam and Karmmam - since bhagvath geetha clearly says thus, as in the quoted Slokam

വേണു venu said...

ഇന്നു് ഞനൊരു ബ്ലോഗിലൊരു കമന്‍റെഴുതിയിരുന്നു.
“പൊന്നമ്പലം പോലെ ഒരു മലയ്ക്കാണോ പഞ്ഞം.“
അതിവിടെ ഇങ്ങനെ തിരുത്തുന്നു. ഇതാ മറ്റൊരു പൊന്നമ്പലം.വളരെ ഇഷ്ടപ്പെട്ടു,പക്ഷേ ഒത്തിരി ഇനിയും പഠിക്കാനുണ്ടു്. പണിക്കരു സാറിന്‍റെ തിരോധാനം സൃഷ്ടിച്ച വിള്ളലുകള്‍‍ ഇനി ഉണ്ടാവുകയില്ലാ എന്നു് അദ്ദേഹത്തിന്‍റെ കമന്‍റുകളില്‍ നിന്നു് മനസ്സിലാക്കുന്നു.:)

___________ said...

innu jan nale nee

http://shanalpyblogspotcom.blogspot.com/

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

പ്രിയ ഉണ്ണീക്കുട്ടാ,
ഏതു കുടുംബത്തില്‍ ജനിക്കുന്നു എന്നുള്ളതല്ല വര്‍ണ്ണനിശ്ചയത്തിനാധാരം എന്നു വ്യക്തമല്ലെ.
അവനവന്റെ സ്വഭാവഗുണം, അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ഇവ അനുസരിച്ചാണത്‌.
അതുകൊണ്ടാണ്‌ ജാബാലാ എന്ന ശൂദ്ര സ്ത്രീക്ക്‌ ആരില്‍ നിന്നും ജനിച്ചു എന്നു പോലും അറിയാതിരുന്ന സത്യകാമന്‍ എന്നബാലനെ ഗുരുവായ ഗൗതമന്‍ ബ്രാഹ്മണന്‍ എന്നു വിളിച്ചു എന്ന്‌ ഛാന്ദോഗ്യ ഉപനിഷത്‌ വിളംബരം ചെയ്യുന്നത്‌ - ഇതില്‍ കൂടുതല്‍ എന്തു തെളിവാണ്‌ വേണ്ടത്‌?
ഇതും കൂടി നോക്കുക

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

ഹ ഹ ഹ വേണൂ ജീ,
എന്റെ തിരോധാനം വിടവുണ്ടാക്കിയോ?

ആരെങ്കിലും ഒരാളെങ്കിലും ശ്രദ്ധിക്കൂന്നു എന്നറിയുന്നത്‌ ഒരു സന്തോഷം തന്നെയാണേ

പൊന്നമ്പലം said...

പണിക്കര്‍ സര്‍ പറഞ്ഞ ഒരു കാര്യം എനിക്കു മനസ്സിലായില്ല. വര്‍ണ്ണം ജ്യോതിശാസ്ത്രപരമായി നിര്‍ണ്ണയിക്കുമ്പോള്‍ പുരുഷാകാരത്തിനുള്ള സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതിന്റെ പൊരുള്‍ കിട്ടിയില്ല.

ഒന്ന് വിശദീകരിക്കാമൊ?

സുനീഷ് തോമസ് / SUNISH THOMAS said...

:)

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

മുജ്ജന്മകര്‍മ്മഫലം ആണ്‌ ദൈവം
"പൂര്‍വജന്മാര്‍ജ്ജിതം കര്‍മ്മ ദൈവ ഇത്യഭിധീയതേ"
അതിന്റെ ഫലം അനുഭവിക്ക തക്ക യോനിയിലാണ്‌ പിന്‍ ജന്മം ഉണ്ടാകുക.
ബലവത്തും അല്ലാത്തതുമായ കര്‍മ്മങ്ങള്‍ ഉണ്ട്‌- അറിഞ്ഞുകൊണ്ട്‌ ചെയ്യുന്ന തെറ്റുകള്‍ ബലവത്തായ ഫലത്തെ തരുന്നു അത്‌ അനുഭവിച്ചെ പറ്റൂ.
അറിയാതെ ചെയ്യുന്നവ - നടന്നു പോകുമ്പോള്‍ കാലിനടിയില്‍ പെട്ട്‌ ഉറുമ്പ്‌ മുതലായവ മരിക്കുന്നതു പോലെ- ശക്തി കുറവുള്ള ഫലത്തെ തരുന്നു.
ബലം കുറഞ്ഞവയെ മറികടക്കുവാന്‍ ഈ ജന്മത്തെ കര്‍മ്മത്തിന്‌ സാധിക്കും-
"ബലീ പുരുഷകാരോ ഹി ദൈവമപ്യതിവര്‍ത്തതേ"
അങ്ങനെ വരുമ്പോള്‍ മേല്‍പറഞ്ഞതു പോലെ ജ്യോതിശ്ശാസ്ത്രപ്രകരമാണ്‌ എല്ലാം നിശ്ചയിച്ചത്‌ എങ്കില്‍ പിന്നെ ഈ ജന്മത്തിലെ കര്‍മ്മത്തിന്‌- പുരുഷകാരത്തിന്‌ - ഫലമില്ലെന്നു വരില്ലെ?

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Priya ponnampalam It is "പുരുഷകാരം" not "പുരുഷാകാരം"

ലൂസ് പയ്യന്‍ said...

ഇത്രയും പണ്ഡിതനും സംസ്കൃത ചിത്തനുമായ താങ്കളാണോ മറ്റൊരു ബ്ലോഗില്‍ പോയി : ഇവന്മാര്‍ അമ്മയെയും മച്ചിയെന്നു തെളിയിക്കുമന്നു കമന്റിയത്? മുജ്ജന്മ ഫലം അല്ലെ ?

പൊന്നമ്പലം said...

താങ്കള്‍ ആ പറഞ്ഞ രീതിയാണെങ്കില്‍, എല്ലാം കര്‍മ്മാര്‍ജ്ജിതം എന്നല്ലേ വരൂ. ജ്യോതിഷം കൊണ്ട് കാര്യമില്ല, എല്ലാം കര്‍മ്മ ഫലം എന്ന് വരില്ലെ?

അല്ല, കഴിഞ്ഞ ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ റിസല്‍ട്ട് കണക്കാക്കല്‍ മാത്രമാണോ ജ്യോതിഷം?

“അതിന്റെ ഫലം അനുഭവിക്ക തക്ക യോനിയിലാണ്‌ പിന്‍ ജന്മം ഉണ്ടാകുക“

ഇതിന്റെ അര്‍ത്ഥം, ജ്യോതിഷവശാല്‍, അനുഭവിക്കേണ്ടതൊക്കെ സെറ്റ് ചെയ്തു വച്ച ആ സമയത്തായിരിക്കും അടുത്ത ജനനം എന്നാണോ.

[മേല്‍പ്പറഞ്ഞതൊന്നും തര്‍ക്കമല്ല. സംശയ നിവാരണം മാത്രമാണ്. താങ്കളുടെ ജീ-മെയില്‍ ഐഡി തരാമോ?]

@ലൂസ് പയ്യാ: തെറിക്കുത്തരം മുറിപ്പത്തല്. അതിനെക്കുറിച്ച് ചര്‍ച്ച നമുക്ക് പിന്നീടാകാം.

ഇന്‍ഡ്യാഹെറിറ്റേജ്‌ said...

Priya Ponnampalam,
I think those questions are already addressed in that comment

ഇന്‍ഡ്യാഹെറിറ്റേജ്‌ said...
This comment has been removed by the author.
എന്റെ ഉപാസന said...

നല്ല പോസ്റ്റ് ആയിരുന്നു പൊന്നമ്പലം. ഇന്ന് ഹിന്ദുവിനെ വിഘടിപ്പിച്ച് നിര്‍ത്തുന്നത് ജാതിയാണ്. രാഷ്ടീയക്കാര്‍ ഇക്കാര്യ്ത്തില്‍ സമര്‍ത്ഥമായി കളിക്കുന്നു... പിന്നെ ചാതുര്‍വര്‍ണ്യം...
ഞാന്‍ ഒരു വിശ്വാസി ഒക്കെ തന്നെ ആണ്. വര്‍ണത്തെ അനുകൂലിക്കുന്ന ഏതവനേയുമൊറ്റപ്പെടുത്തേന്ദ കാലം അതിക്രമിച്ചിരിക്കുന്നു...
:)
പൊട്ടന്‍

പൊന്നമ്പലം said...

പൊട്ടന്‍‌ കുട്ടാ...

വര്‍ണ്ണത്തെ അനുകൂലിക്കാം ജാതിയെ ആണ് വെറുക്കേണ്ടത്...

chithrakaran ചിത്രകാരന്‍ said...

പ്രിയ പൊന്നംബലം,

താങ്കളുടെ ചര്‍ച്ച നടക്കട്ടെ.

താങ്കള്‍ക്കും കുടുംബത്തിനും
ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ ഓണാശംസകള്‍!!