ജപ്തി നോട്ടീസ്

ഞാന്‍ ഇപ്പൊ തിരുവനന്തപുരത്ത് ഇല്ലാത്തതിനാലും, തിരുവനന്തപുരം എന്റെ മനസ്സില്‍ ഇല്ലാത്തതിനാലും, തിരുവനന്തപുരം ക്രോണിക്കിള്‍ എന്ന ബ്ലോഗ് തല്‍കാലം ഞാന്‍ നിര്‍ത്തുന്നു. ഇതിനു പകരം, എന്റെ ഏരിയ എന്ന എന്റെ പുതിയ ബ്ലോഗ് വിലാസത്തിലേക്ക് ഞാന്‍ മാറുന്നു. തിരുവനന്തപുരം ക്രോണിക്കിളില്‍ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും പുതിയ ബ്ലോഗിലും ലഭ്യമാണ് (കമന്റുകള്‍ സഹിതം).

ഇതുവരെ തന്ന സഹകരണം പോരാ... ഇത്തിരി കൂടുതലായി തന്നെ വേണം! :)

സ്വന്തം സന്തോഷ്!

Friday, September 11, 2009

താനെന്താ മണ്ടനാ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്. മലയാളം ചാനലുകളിലെ പരസ്യ കൂത്ത്!

ഒരു പരസ്യ ചിത്രം കാണിക്കുമ്പോള്‍ അത് ആരെ ഉദ്ദേശിച്ചാണ്‌ കാണിക്കുന്നത് എന്ന കാര്യത്തില്‍ ആ പരസ്യത്തിന്റെ നിര്‍മ്മാതാക്കള്‍ക്കില്ലെങ്കിലും, പ്രോഡക്റ്റ് കമ്പനികള്‍ക്ക് ഇത്തിരി ശ്രദ്ധിക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു... എനിക്ക് പരസ്യ നിര്‍മാണത്തെക്കുറിച്ച് കാര്യമായിട്ടല്ല, ഒന്നും തന്നെ അറിയില്ല എന്ന് പറഞ്ഞു വയ്ക്കുന്നു. ഈ ഒരു വിഭാഗത്തില്‍ ഏറ്റവും അരോചകമായി തോന്നുന്നത് സണ്‍ലൈറ്റ് സോപ്പ് പൊടിയുടെ പരസ്യമാണ്‌. "...കാക്കിരി നാട്ടില്‍ ഓറഞ്ജെത്തി ഒപ്പം സൂര്യനുമെത്തി..." ദൈവമേ... ഇങ്ങനെ ഒരു പരസ്യം എടുക്കാന്‍ തൊലിക്കട്ടി കാട്ടിയ ആ മഹാനെ പൂവിട്ടു പൂജിക്കണം.

തമിഴില്‍ ഒരു പഴമൊഴി ഉണ്ട് "...സഭയറിന്ത് പേസ്, സമയമറിന്തു പേസ്..." ആരോട് എപ്പൊ എന്ത് പറയുന്നു എന്ന കാര്യം മനസ്സിലാക്കി സംസാരിക്കുക. (ഇടം പൊരുള്‍ ഏവല്‍). ആ പരസ്യം തുടങ്ങി കുറേ നേരം ആവും വരെ, ഞാന്‍ കരുതിയത് വല്ല ക്രീം ബിസ്കറ്റിന്റെയും പരസ്യമായിരിക്കും എന്നാണ്‌. സാധാരണ കൊച്ചുകുട്ടികളെ ആകര്‍ഷിക്കാനാണല്ലൊ ഇതുപോലത്തെ കോക്കിറി മാക്കിറി പാട്ടും,കളര്‍ഫുല്‍ കാര്‍ട്ടൂണുകളും കാണിക്കുന്നത്. ഈ സോപ്പ്‌പൊടി ഉപയോഗിക്കുന്ന ക്ലാസ്സ് ആകട്ടെ ഉറപ്പായും ഈ കാര്‍ട്ടൂണ്‍ പ്രായം കഴിഞ്ഞവരായിരിക്കും. ഔചിത്യം എന്നത് ഏഴല്ല എഴുപത് അയലത്തുകൂടി പോയിട്ടില്ല. കഷ്ടം.

പിന്നെ കുറെ പരസ്യങ്ങള്‍, സംസാരിക്കുന്നതെല്ലാം അര്‍ച്ചനക്കു മന്ത്രം പറയുന്ന പോലെയാണ്‌. എന്താണ്‌ അതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. അതും ഒരുമാതിരി പക്കറ വോയിസില്‍. കഷ്ടം,അല്ലാതെന്ത് പറയാന്‍! അത് കാരണം ബൂലോക പടംവരപ്പുകാരനു പടക്കം പൊട്ടിച്ചു കളിക്കാന്‍ ഒരു ചാന്‍സ് കിട്ടും അത്ര തന്നെ.!

അടുത്ത തരം പരസ്യം, ഡബ്ബിങ് കുളം തോണ്ടിയ പരസ്യം. ബെസ്റ്റ് ഉദാഹരണം- ഭീമാ ഗോള്‍ഡ്. അതില്‍ വെള്ള കോട്ടിട്ട ഒരു അണ്ണന്‍ വരും. ആള്‍ പറയുന്ന കാര്യം പൊട്ടത്തരമാണോഎന്നൊന്നും എനിക്കറിയില്ല. പക്ഷേ പരസ്യം കണ്ടാല്‍ അയാള്‍ സംസാരിക്കുന്നതല്ല എന്ന് വളരെ വ്യക്തമായി മനസ്സിലാകും എന്ന് മാത്രമല്ല, വളരെ വിക്രിതമായി ഒരു വശത്തേക്ക് കോടിയിരിക്കുന്നത് കാണാം. പരസ്യം കണ്ടാല്‍ ഉപഭോക്താക്കള്‍ സേവനം തേടി ചെല്ലണ്ടേ ചെല്ലാ? ഇത്തിരി മെനയൊക്കെ ഉള്ള ആണൊരുത്തനെ മലയാള നാട്ടില്‍ കിട്ടിയില്ലെ?

അടുത്തത് ആളെ പൊട്ടനാക്കുന്ന പരസ്യങ്ങള്‍. "ബ്രെഫ്", "ജിഫ്ഫ്", "സെഫ്ഫ്", "മി. മസ്സള്‍സ്", ഇതില്‍ ഏതാണ്‌ പരസ്യം എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല...ഏതായാലും, മേല്‍പ്പറഞ്ഞതില്‍ ഒന്നില്‍ പറയുന്നത്-"മൈക്രോസ്കോപ്പ് വച്ച് നോക്കൂ..." എവിടെ? കക്കൂസില്‍! ഇവനൊക്കെ എന്തോന്നാ വിചാരിച്ച് വച്ചിരിക്കുന്നത്? പിന്നെ ടൈഡ് സോപ്പ്... "ഡേര്‍ട്ട് മാഗ്നെറ്റ്" ഉണ്ടത്രേ അതില്‍... "അമേസ് ബ്രെയിന്‍ ഫൂഡ്"-ഇന്റെര്‍നെറ്റ് തലച്ചോറിന്! പുതിയ ഇനം തലച്ചോറാണു കേട്ടോ. ഇതു പോലത്തെ ഒരു പോഷകാഹാരമാണ്‌ നമ്മുടെ സ്വന്തം ഹോര്‍ലിക്സ്. ഈ സാധനം ജി.എസ്.കെ എന്ന കമ്പനി തന്നെ ബ്രിട്ടനില്‍ വില്ക്കുന്നത് പോഷകാഹാരമായിട്ടല്ല... സ്ലീപ് സപ്ലിമെന്റ് എന്ന ലേബലില്‍ ആണ്‌. അതായത്, മക്കളെ സ്നേഹിക്കുന്ന ഇപ്പോഴത്തെ അമ്മമാര്‍, സ്കൂളില്‍ പോകുന്നതിനു മുന്പ് മക്കളെ നിര്‍ബന്ധിച് (അല്ലാതെയും) കുടിപ്പിക്കുന്നത് ഉറക്കം കൂട്ടാനുള്ള സുനാമെട്രി ആണ്‌. സമ്ശയമുണ്ടെങ്കില്‍ വിക്കിപ്പീഡികയില്‍ ഹോര്‍ലിക്സിനെ തിരഞ്ഞു നോക്കൂ.

ഇനി, ഓവര്‍ ഇമോഷണല്‍ പരസ്യങ്ങള്‍. ഒന്നാം സ്ഥാനം മകള്‍ ഒളിച്ചോടിപ്പോകുന്ന ആ സില്‍മ തന്നെ- “വിശ്വാസം. അതല്ലെ എല്ലാത്തിലും വലുത്?”. അടുത്ത സ്ഥാനം ഹമാം സോപ്പ്... മകളുടെ ആത്മവിശ്വാസം, കോണ്‍ഫിഡന്‍സ് പിന്നെ സെല്‍ഫ് കോണ്‍ഫിഡന്‍സ്... തേങ്ങാക്കൊല.

ഇനി പറയാന്‍ പോകുന്നതാണ്‌ ഏറ്റവും നിര്‍ഭാഗ്യകരമായ ഒരു പരസ്യമ്. "അഷ്ടപഞ്ചമി"... ഇതു വരെ ആരും കേട്ടിട്ടില്ല. കഴിഞ്ഞയാഴ്ച കണ്ടുപിടിച്ച ഒരു അത്ഭുത പ്രതിഭാസമാണ്‌ ഈ സാധനം. പറഞ്ഞ് കേള്‍ക്കുന്നത് അഷ്ടപഞ്ചമി ദിവസം സ്ഥലവും വീടുമൊക്കെ വാങ്ങാന്‍ നല്ല ബെസ്റ്റ് ദിവസമാണ്‌ എന്നൊക്കെയാണ്‌ കേട്ടോ. കുറേ പരസ്യവും നടത്തി. ഇനി ആരും അന്ന് വീടും ഫ്ലാറ്റും ഒന്നും വാങ്ങീല്ലെങ്കില്‍, ബില്ഡര്‍മാര്‍ക്ക് അത് "കഷ്ടപഞ്ചമി" ആയി മാറും. കേരളമല്ലേ നാട്, മലയാളി അല്ലെ ആള്... പണ്ട് (ഒരുപാടൊന്നും ഇല്ല, ഒരു 5-6 വര്‍ഷം മുന്നെ),ഇതു പോലെ കണ്ടുപിടിച്ച ഒരു ദേശീയ ഉത്സവം ആണ്‌ "അക്ഷയത്രിതീയ".. അതീപ്പിന്നെ, വര്‍ഷത്തില്‍ ഏതെങ്കിലും ഒരു ദിവസം ജ്വല്ലറികളൊക്കെ കൂടി തീരുമാനിച്ച് അക്ഷയ ത്രിതീയ മഹോത്സവം ഗംരമായി കൊണ്ടാടും. ഇനി ബില്‍ഡര്‍മാരൊക്കെകൂടി വര്‍ഷാവര്‍ഷം അഷ്ടപഞ്ചമി കൊണ്ടാടും... മലയാളീ... നീ അനുഭവി! അല്ലാതെന്ത് പറയാന്‍?

1 comment:

Unknown said...

sariya ... chilappol tholi urinju pokunnu.